Alappuzha local

കായലില്‍ ഉപ്പ് വെള്ളം കയറി : ഉള്‍നാടന്‍ മല്‍സ്യ മേഖല പ്രതിസന്ധിയില്‍



തുറവൂര്‍: കായലില്‍ ഉപ്പ് വെള്ളം കയറിയതോടെ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വറുതി കാലം. വേമ്പനാട് കായലിന്റെ കൈവഴികളായ തൈക്കാട്ടുശേരി കായല്‍, കാക്കത്തുരുത്ത് കായല്‍, കൈതപ്പുഴ കായല്‍, കുറുമ്പി കായല്‍, തഴുപ്പ് കായല്‍ എന്നിവിടങ്ങളിലെല്ലാം ഉപജീവനത്തായി മല്‍സ്യം പിടിക്കുന്ന തൊഴിലാളിക്കള്‍ക്കാണ് വറുതി നേരിടേണ്ടി വരുന്നത്. വേമ്പനാട്ടു കായലുകളിലെ തണ്ണീര്‍മുക്കം ബണ്ടിലെ 19 ഷട്ടറുകള്‍ പൂര്‍ണമായും തുറന്നതോടെയാണ് വേലിയേറ്റ സമയത്ത് ഉള്‍നാടന്‍ കായലുകളില്‍ ഉപ്പുവെള്ളം എത്തുന്നത്.മുന്‍ കാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നാല്‍ പായലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാലിന്യങ്ങളും വേലിയേറ്റത്തോടെ എത്തുന്ന ഉപ്പുവെള്ളത്തില്‍ നശിക്കുമായിരുന്നു.ഉപ്പുവെള്ളം കായലിന്റെ അടിത്തട്ട് ഉള്‍പ്പെടെ വൃത്തിയാക്കുമായിരുന്നെന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു. ഈ സമയത്ത്   മല്‍സ്യം സുലഭമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കായലുകളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍  കലര്‍ന്നതോടെ ഉപ്പ് വെള്ളത്തിന്റെ വരവ് മല്‍സ്യങ്ങളുടെ ഉല്‍പാദനത്തിലും പ്രജനനത്തിലും ഗണ്യമായ കുറവ് വരുത്തുകയാണെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു. ചെറുവള്ളങ്ങളില്‍ വീശു വല, നീട്ടു വല, ഉടക്ക് വല എന്നിവ ഉപയോഗിച്ച് മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്ക് ഉപ്പിന്റെ കാഠിന്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  സ്വമേധയാ കായലിലുള്ള വേലിയേറ്റ-വേലിയിറക്ക സമയങ്ങളിലെ മല്‍സ്യ ബന്ധനമാണ് തങ്ങള്‍ക്ക് ഗുണകരമെന്നാണ് തൊഴിലാളികളുടെ  പൊതു അഭിപ്രായം.
Next Story

RELATED STORIES

Share it