കാക്കകളെ ഓടിക്കാന്‍ നരേന്ദ്രമോദിയുടെ കട്ടൗട്ട്

ചിക്കമഗളൂരു: തങ്ങളുടെ കൃഷി നശിപ്പിക്കാനെത്തുന്ന പക്ഷിക്കൂട്ടങ്ങളെ തിരഞ്ഞെടുപ്പുകാല പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ ഉപയോഗിച്ച പാര്‍ട്ടി നേതാക്കളുടെ കട്ടൗട്ടുകള്‍ ഉപയോഗിച്ച് തുരത്തുകയാണ് കര്‍ണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ ലക്കേവാലി ഹുബ്ബള്ളിയിലെ കര്‍ഷകര്‍. തിരഞ്ഞെടുപ്പിനു പിന്നാലെ പാര്‍ട്ടികള്‍ ഉപേക്ഷിച്ച നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് തങ്ങളുടെ പാടശേഖരങ്ങളില്‍ കാക്കകളെയും മറ്റും ഭയപ്പെടുത്തുന്നതിനുള്ള കോലങ്ങളായി കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
ചിക്കമഗളൂരു ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളും തൂത്തുവാരിയത് ബിജെപിയായിരുന്നു. നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും ജില്ലയില്‍ നിരവധി കൂറ്റന്‍ റാലികളില്‍ പങ്കെടുത്ത് കാടിളക്കിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. വഴിയോരങ്ങളിലാകെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ബി എസ് യെദ്യൂരപ്പയുടെയും നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നൂറുകണക്കിന് കട്ടൗട്ടുകളാണ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.
തിരഞ്ഞെടുപ്പിന്റെ ആളും ആരവവും ഒഴിഞ്ഞപ്പോള്‍ ഈ കട്ടൗട്ടുകള്‍ പലയിടത്തും വഴിമുടക്കി കിടക്കുകയായിരുന്നു. തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ട ഈ കട്ടൗട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. എല്ലാ പാര്‍ട്ടികളുടെയും കട്ടൗട്ടുകള്‍ തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കര്‍ഷകത്തൊഴിലാളിയായ രാജേഷ് മാടാപ്പതി പറഞ്ഞു.
മെയിലെ തിരഞ്ഞെടുപ്പു കാലയളവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കട്ടൗട്ടുകള്‍ നീക്കം ചെയ്യുന്നതില്‍ അവര്‍ അലംഭാവം കാണിച്ചതോടെയാണ് തങ്ങള്‍ അവ പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം കനത്ത മഴയാണ് ലഭിച്ചത്. ഹുബ്ബള്ളിയിലെ കര്‍ഷകര്‍ വിത്തു വിതച്ചുകഴിഞ്ഞു. തളിര്‍ക്കുന്ന വിത്തുകള്‍ക്ക് സംരക്ഷണമേകാന്‍ തങ്ങള്‍ ഈ കട്ടൗട്ടുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it