Gulf

കരിപ്പൂരില്‍ വീണ്ടും ബാഗേജ് മോഷണം; വാച്ചുകള്‍ നഷ്ടപ്പെട്ടു

കരിപ്പൂരില്‍ വീണ്ടും ബാഗേജ് മോഷണം; വാച്ചുകള്‍ നഷ്ടപ്പെട്ടു
X


ദമ്മാം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ദമ്മാമില്‍ നിന്നും യാത്ര ചെയ്ത നിലമ്പൂര്‍ സ്വദേശി ബെന്‍സി കുര്യാക്കോസിനാണ് വാച്ചുകളുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടത്. ജെറ്റ് എയര്‍ വിമാനത്തില്‍ എത്തിയ ഇദ്ദേഹത്തിന് തന്റെ ബാഗ് സുരക്ഷയ്ക്കായി പണമടച്ച് ചെയ്ത പ്ലാസ്റ്റിക് ഷീറ്റ് റാപ്പിങ് പൊളിച്ചുമാറ്റി കുത്തിത്തുറന്ന നിലയിലാണ് കിട്ടിയത്. ഇതേ തുടര്‍ന്ന് സഹയാത്രികരായിരുന്ന ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസലും കെഎംസിസി നേതാവ് യു എ റഹീമും ചേര്‍ന്ന് ജെറ്റ് എയര്‍ മാനേജര്‍, കസ്റ്റംസ് ഓഫിസര്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി. യാത്ര തുടങ്ങിയിടത്ത് നടന്ന മോഷണമായിരിക്കുമെന്നാണ് അധികൃതരുടെ പ്രഥമ പ്രതികരണം. എന്നാല്‍ ദമ്മാം വിമാനത്താവളത്തിലെ കര്‍ശന നിരീക്ഷണം കാരണം ഇതിനുള്ള സാധ്യത ടി പി എം ഫസല്‍ തള്ളിക്കളയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം യാത്രക്കാര്‍ക്ക് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടെര്‍മിനലിനകത്ത് മികച്ച സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അധികാരികള്‍ തയ്യാറാവണം. എങ്കില്‍ മുന്‍കാലങ്ങളിലെ പോലെ ഇന്ത്യയില്‍ പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി കരിപ്പൂരിന് മാറാന്‍ കാലമധികം വേണ്ടിവരില്ല. യാത്രക്കാരുടെ ബാഗേജ് മോഷ്ടിക്കുന്നവരെ ഉടന്‍ കണ്ടെത്തണമെന്നും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അന്താരാഷ്ട്ര വിമാനത്താവളമെന്ന കരിപ്പൂരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും യൂസേഴ്‌സ് ഫോറം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it