കമ്മ്യൂണിസ്റ്റുകള്‍ മുതലാളിത്ത പാത സ്വീകരിച്ചു: ഗ്രോ വാസു

തൃശൂര്‍: സിപിഎം അടക്കം കമ്മ്യൂണിസ്റ്റുകള്‍ മുതലാളിത്ത പാത സ്വീകരിച്ചെന്നും ബൂര്‍ഷ്വാസികള്‍ക്കു വേണ്ടി ഇടതുപക്ഷം ഭരിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്നും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു പറഞ്ഞു. എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രതിനിധിസഭയുടെ ഭാഗമായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന 'ജനകീയ സമരങ്ങളും ഭരണകൂട നിലപാടുകളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്ത വര്‍ഗത്തിനു വേണ്ടിയാണ് സംസ്ഥാന ഭരണകൂടം ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നത്. പാര്‍ട്ടിയെ വിശ്വസിച്ച് കൂടെ നിന്ന വലിയ ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഗെയില്‍, ദേശീയപാത സമരങ്ങളില്‍ തെരുവില്‍ ഇറങ്ങിയവരെ ഭരണത്തിന്റെ പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുകയാണ് സിപിഎം. കേരളത്തില്‍ ഗെയില്‍, ദേശീയപാത പദ്ധതികള്‍ നടപ്പാക്കുമെന്ന് തികഞ്ഞ ധിക്കാരത്തോടെയാണ് പിണറായി പ്രഖ്യാപിച്ചതെന്നും ഗ്രോ വാസു കുറ്റപ്പെടുത്തി.
സെമിനാറില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ലാലൂര്‍ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു, നിറ്റ ജലാറ്റിന്‍ സമരസമിതി കണ്‍വീനര്‍ അനില്‍ കാതിക്കുടം, വടയമ്പാടി സമരസമിതി കണ്‍വീനര്‍ ജോയി പാവേല്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, വൈസ് പ്രസിഡന്റ് ബി കെ ഹുസയ്ന്‍ തങ്ങള്‍, ജില്ലാ സമിതിയംഗം ഷമീര്‍ ബ്രോഡ്‌വേ സംസാരിച്ചു.
Next Story

RELATED STORIES

Share it