കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ മറ്റ് കന്യാസ്ത്രീകളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. കന്യാസ്ത്രീകള്‍ സഭയ്ക്ക് നല്‍കിയ പരാതികളുടെ പകര്‍പ്പുകളും അന്വേഷണസംഘം ശേഖരിച്ചു. കന്യാസ്ത്രീയുടെ പീഡനപരാതിക്ക് പിന്നാലെയാണ് ബിഷപ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നിരവധി കന്യാസ്ത്രീകള്‍ രംഗത്തുവന്നത്. പീഡനത്തെ തുടര്‍ന്ന് 18 കന്യാസ്ത്രീകള്‍ സഭയില്‍ നിന്നു വിട്ടുപോയെന്നും സഭയ്ക്ക് നല്‍കിയ പരാതിയില്‍ പലരും പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയ കന്യാസ്ത്രീകളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തത്. നേരത്തെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും സംഘം മൊഴിയെടുത്തിരുന്നു.
കേരളത്തില്‍ നിന്നുള്ള തെളിവുകളെല്ലാം ശേഖരിച്ചതിന് ശേഷം ബിഷപ്പിനെ ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രഹസ്യമൊഴിയുടെ പകര്‍പ്പ് ഉടന്‍ അന്വേഷണസംഘത്തിന് ലഭിക്കും. അതിനിടെ, ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ, കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കം സന്യാസിനി സമൂഹത്തിലെ ഒരുവിഭാഗം ഊര്‍ജിതമാക്കി. ഇതിനായി ആറംഗസംഘം കോട്ടയത്ത് തങ്ങിയതായാണ് വിവരം. ജലന്ധറില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് നീക്കം.
പരാതിക്കാരിയെ പിന്തുണയ്ക്കുന്ന വൈദികരെയും കന്യാസ്ത്രീമാരെയും നേരില്‍ക്കണ്ടാണ് അനുനയചര്‍ച്ചകള്‍ നടത്തുന്നത്. ഒപ്പം കന്യാസ്ത്രീയുടെ ബന്ധുക്കളെയും കാണുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി കന്യാസ്ത്രീയുടെ സഹോദരനും ജലന്ധറില്‍നിന്നുള്ള വൈദികനും നേരത്തെ ആരോപിച്ചിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പലരെയും രൂപതയില്‍നിന്നുള്ളവര്‍ സമീപിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്യുന്നതും അറസ്റ്റും വൈകുന്നതിനെതിരേ കന്യാസ്ത്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it