കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 രാജ്യാന്തര സര്‍വീസുകള്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്താന്‍ 11 രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്നു വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യ ന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്. ഗ്രൗണ്ട് ഹാന്റ്‌ലിങ് സേവനങ്ങള്‍ക്കായി എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഡ ല്‍ഹി പ്രൈവറ്റ് ലിമിറ്റഡിനെയുമാണു നിയോഗിച്ചത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വകയായി ഒരു ഇന്റര്‍നാഷനല്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ്, നാലു നിലയിലുള്ള എയര്‍പോര്‍ട്ട് ഓഫിസ് സമുച്ചയം, അഞ്ചു നിലയിലുള്ള സിഐഎസ്എഫ് പാര്‍പ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേര്‍ന്ന് 23 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെയും ലൈറ്റിങിന്റെയും നിര്‍മാണപ്രവൃത്തികള്‍, എയര്‍പോര്‍ട്ട് പരിസരം മോടിപിടിപ്പിക്കുന്നതിനാവശ്യമായ ലാന്‍ഡ്‌സ്‌കേപ്പിങ് ജോലികള്‍ എന്നിവ ഉള്‍പ്പെടെയുള്ള 113 കോടി രൂപയുടെ ജോലികള്‍ മോണ്ടി കാര്‍ലോ ലിമിറ്റഡ് കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തീകരിക്കാനാവും. റണ്‍വേ ദൈര്‍ഘ്യം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിനു കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്.
4000 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആയി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിനായി വിവിധ തസ്തികകളില്‍ 180ഓളം ജീവനക്കാരെയാണ് ആകെ വേണ്ടത്. നിലവില്‍ 136 ഉദ്യോഗസ്ഥര്‍ വിവിധ തസ്തികകളിലായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു.
കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ 29 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചു. ഈ വിഭാഗത്തില്‍ ബാക്കിയുള്ള എല്ലാവരെയും എയര്‍പോര്‍ട്ടിന്റെ ഗ്രൗണ്ട്, കാര്‍ഗോ ഹാന്‍ഡലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ എടിഎസ്എല്‍ വഴി നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് എയര്‍ ഇന്ത്യ എടിഎസ്എല്‍ നല്‍കും. സപ്തംബര്‍ 20, 21 തിയ്യതികളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഡിവിഒആര്‍ അടിസ്ഥാനമായുള്ള ഫ്‌ളൈറ്റ് ട്രയല്‍ ഡിജിസിഎ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തി. ഈ പരിശോധനയുടെയും ഫ്‌ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തില്‍ വിമാനത്താവള ലൈസന്‍സ് ഉടന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയര്‍പോര്‍ട്ടിന്റെ സുരക്ഷയ്ക്കായി 613 പേരെ നിയോഗിക്കാന്‍ സിഐഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇവരെ നിയമിച്ചു തുടങ്ങും. ഇമിഗ്രേഷനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ കേരള പോലിസിനെ നിയോഗിക്കുമെന്നും വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിനായുള്ള നടപടിക്രമങ്ങള്‍ 2018ല്‍ത്തന്നെ പൂര്‍ത്തീകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it