Flash News

കട്ടിപ്പാറ ദുരന്തത്തിനു വഴിവച്ചത് ഭരണസംവിധാനത്തിന്റെ നിസ്സംഗത

കെ വി ഷാജി സമത

കോഴിക്കോട്: പ്രകൃതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകിടം മറിച്ച് നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുത്തിവച്ച ദുരന്തമായി കാണണം കട്ടിപ്പാറയിലേത്. കുന്നുകളിലെല്ലാം സ്വകാര്യ വ്യക്തികള്‍ വാണിജ്യ-വ്യാവസായിക സംരംഭങ്ങളില്‍ കോടികളാണ് നിക്ഷേപിച്ചത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും മനുഷ്യജീവിതത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് അധികൃതരുടെ പൂര്‍ണപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വിലക്ക്  നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥ-രാഷ്ട്രീയ പിന്തുണയോടെ ജില്ലയിലെ മിക്കവാറും കുന്നുകള്‍ ഖനന-വ്യവസായ മാഫിയ കൈയടക്കിക്കഴിഞ്ഞു. ഓരോ ദുരന്തമുണ്ടാവുമ്പോഴും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഖേദപ്രകടനം നടത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും മുന്നിലുണ്ടാവും. എന്നാല്‍, ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇവര്‍ക്കു ലഭിച്ച പരാതികളില്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തോട് ചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി സംബന്ധിച്ച് അധികൃതര്‍ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. മലയുടെ സ്വാഭാവിക ചരിവുകള്‍ ഇടിച്ചു നിര്‍മിച്ച ഈ ജലസംഭരണി തങ്ങളുടെ ജീവിതത്തിനു ഭീഷണിയാണെന്ന് നിര്‍മാണ സമയത്തുതന്നെ പരിസരവാസികള്‍ പരാതിപ്പെട്ടതാണ്. മലപ്പുറം സ്വദേശികളായ വ്യവസായികളാണ് ഇവിടെ നിര്‍മാണപ്രവൃത്തികള്‍ നടത്തിയത്. ഫാം ടൂറിസത്തിന്റെ മറവിലായിരുന്നു അനധികൃത നിര്‍മാണങ്ങള്‍. വ്യാപകമായി മലയിടിച്ചാണ് ഇവയെല്ലാം നിര്‍മിച്ചത്. മലയുടെ മുകളില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ജലസംഭരണി നിര്‍മിച്ചതോടെ മലയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടായി. ദുരന്തത്തിന് ഇതും കാരണമായതായി നാട്ടുകാര്‍ പറയുന്നു. ഈ ജലസംഭരണിയെക്കുറിച്ച് കട്ടിപ്പാറ പഞ്ചായത്തില്‍ ഒരു രേഖയുമില്ലെന്നാണ് അറിയുന്നത്. സംഭരണിയുടെ മുകള്‍പ്രദേശത്ത് ഉരുള്‍പൊട്ടിയതോടെ സംഭരണി തകരുകയും ഇതു വന്‍തോതിലുള്ള മണ്ണിടിച്ചിലിനു വഴിവയ്ക്കുകയും ചെയ്തു. ഇതേ പ്രദേശത്തോട് ചേര്‍ന്ന് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. മട്ടിമണല്‍ ഖനനവും നടന്നിരുന്നു. ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നാട്ടുകാര്‍ നല്‍കിയ പരാതികള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിച്ച ഉദ്യോഗസ്ഥരാണ് ഇവിടെയിപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it