കടലുണ്ടി തീവണ്ടി ദുരന്തത്തിന് 17 വയസ്സ്‌; നടുക്കുന്ന ഓര്‍മയില്‍ രാജീവ്

പൊന്നാനി: രാജ്യത്തെ പിടിച്ചുകുലുക്കിയ കടലുണ്ടി തീവണ്ടി അപകടത്തിന്റെ ദുരന്ത ഓര്‍മകള്‍ക്ക് 17 വയസ്സ്. ഇന്നും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ കഴിയുകയാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ചങ്ങരംകുളം സ്വദേശി രാജീവ്. രാജീവിന്റെ 18ാം വയസ്സിലായിരുന്നു ദുരന്തം. കോഴിക്കോട് പഠനസ്ഥലത്തുനിന്ന് തിരൂര്‍ സ്വദേശിയായ സുഹൃത്തുമൊത്ത് തിരികെ വരുമ്പോഴാണ് രാജീവ് അപകടത്തില്‍ പെടുന്നത്. സുഹൃത്തിനു കാര്യമായി പരിക്കേറ്റെങ്കിലും രാജീവ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
''പുഴയിലേക്കു മറിഞ്ഞ തീവണ്ടിയിലെ ബോഗിയുടെ അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിച്ച് ആരൊക്കെയോ എന്നെ എടുത്ത് പുറത്തെത്തിക്കുകയായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ കുറേ മണിക്കൂറുകള്‍. ഒടുവില്‍ ദൈവം കാത്തു...'' രാജീവ് പറയുന്നു. ദുരന്തം നടന്ന് 17 വര്‍ഷം പിന്നിടുന്ന ഇന്നലെ ദുൈബയിലിരുന്ന് അന്നത്തെ ഭീതിപ്പെടുത്തുന്ന ആ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രാജീവ്.
2001 ജൂണ്‍ 22 ഒരു വെള്ളിയാഴ്ചയായിരുന്നു. നല്ല മഴയുള്ള ദിവസം. വൈകുന്നേരം 5 മണി കഴിഞ്ഞാണ് വണ്ടി കടലുണ്ടിയിലെത്തിയത്. 400 മീറ്റര്‍ അപ്പുറമുള്ള പാലത്തില്‍ മുന്നിലെ ഏതാനും ബോഗികള്‍ കടന്നപ്പോള്‍ ഞാന്‍ കയറിയ ബോഗി ആടിയുലഞ്ഞു. തലയ്ക്കു പിറകില്‍ എന്തോ ശക്തമായി ഇടിച്ചതേ ഓര്‍മയുള്ളൂ. വണ്ടി പുഴയിലേക്കു മറിയുന്നതിനു മുമ്പേ ബോധം നശിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ആളുകള്‍ കമ്പി മുറിക്കുന്നതാണ് കാണുന്നത്.
52 പേര്‍ മരിക്കുകയും 222 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത കടലുണ്ടി തീവണ്ടി അപകടം, പെരുമണ്‍ തീവണ്ടി അപകടം കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാമത്തെ വലിയ അപകടമാണ്. എന്‍ജിനും രണ്ടു ബോഗിയും കടന്ന ഉടനെയാണ് വണ്ടി പാളം തെറ്റിയത്.
നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും സമയോചിത ഇടപെടല്‍ മരണം 52ല്‍ ഒതുക്കി. ദുരന്തത്തിനു കാരണം പാലത്തിന്റെ തൂണിന്റെ കാലപ്പഴക്കമാണെന്ന് അന്വേഷണം നടത്തിയ ഡോ. ഗംഗാധരന്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it