Kottayam Local

ഒരു വയസ്സുള്ള കുട്ടിക്ക് നടത്തിയ ഓപണ്‍ ബ്രെയിന്‍ സര്‍ജറി വിജയത്തില്‍



ആര്‍പ്പൂക്കര: ഹീമോഫീലിയ ബാധിച്ച ഒരു വയസ്സുള്ള കുട്ടിയെ ശസ്ത്രക്രിയക്കു വിധേയമാക്കി. കോട്ടയം മെഡിക്കല്‍ കോളജ് വീണ്ടും ചരിത്ര നേട്ടത്തിലേക്ക്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് ഓപണ്‍ ബ്രെയിന്‍ സര്‍ജറി നടത്തി വിജയിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഒരു വയസ്സുള്ള പെണ്‍ക്കുട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ തന്നെ തല നേരേ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു. പല ആശുപത്രികളിലെ ചികില്‍സയ്ക്കു ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോസര്‍ജറി മേധാവി ഡോ. പി കെ ബാലകൃഷ്ണനെ സമീപിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിക്കാത്ത അസുഖമാണെന്ന് കണ്ടെത്തി (ഹീമോഫീലിയ). തുടര്‍ന്ന് ജനുവരിയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജനുവരി 27ന് ഓപണ്‍ ബ്രെയിന്‍ ശസ്ത്രക്രിയ നടത്തി. രോഗം പൂര്‍ണമായി മാറിയ ശേഷമാണു ശസ്ത്രക്രിയ വിജയം അധികൃതര്‍ പുറത്തുവിട്ടത്. ശസ്ത്രക്രിയക്കു വിധേയമായ കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും അടുത്ത ദിവസം ഇവര്‍ ആശുപത്രി വിടുമെന്നും ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു. ബ്രെയിന്‍ ശസ്ത്രക്രിയ വിജയിപ്പിച്ച ഡോ. പി കെ ബാലകൃഷ്ണനു ഹീമോഫിലിയ സൊസൈറ്റി കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. നാളെ രാവിലെ 10ന് കോട്ടയം മെഡിക്കല്‍ കോളജ് പിടിഎ ഹാളില്‍ സ്വീകരണം നല്‍കും. ഡോ. എന്‍ എന്‍ പത്മകുമാര്‍, ഡോ. സജിനി വര്‍ഗീസ് എന്നിവരേയും ആദരിക്കും.
Next Story

RELATED STORIES

Share it