ഒരു അരുംകൊലയുടെ കഥ

പിഎംഎഫ്

ഒക്ടോബര്‍ 24നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയെ സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ കൊലപ്പെടുത്തിയ കാര്യം സൗദി വിദേശകാര്യ വകുപ്പ് സമ്മതിക്കുന്നത്. സമ്മതിക്കുകയല്ലാതെ അവര്‍ക്കു മറ്റു വഴികളില്ലായിരുന്നു. ഒക്ടോബര്‍ 2ന് 'അനുസരണമില്ലാത്ത തങ്ങളുടെ ഏജന്റുമാര്‍' ഖഷഗ്ജിയെ കൊന്നുവെന്ന് വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ എടുത്തുപറഞ്ഞത് ബോധപൂര്‍വമാണ്. (ബ്രിട്ടിഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ 6ന്റെ മുന്‍ തലവന്‍ സര്‍ ജോണ്‍ സാവേഴ്‌സ് കോണ്‍സുലേറ്റില്‍ എത്തിയ സംഘത്തിലെ കുരുത്തംകെട്ടവര്‍ നടത്തിയ കൊലയാണത് എന്ന സൗദി വിശദീകരണത്തെ ചിരിച്ചുതള്ളുന്നു).
കീഴ്‌വഴക്കം മറികടന്നു കിരീടാവകാശിപ്പട്ടം ഏറ്റെടുത്ത മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് കൊല നടന്നതെങ്കിലും അതു സമ്മതിക്കുമ്പോള്‍ രാജകുമാരന്റെ തലയുരുളും. അതിനു കാത്തിരിക്കുന്നവര്‍ രാജവംശത്തില്‍ ഏറെയുണ്ടുതാനും. അതാണ് പഴയകാല ശിക്ഷാവിധികള്‍ മാത്രം നടപ്പാക്കിക്കൊണ്ട് ഇസ്‌ലാമിന്റെ സംരക്ഷകരായി നടിക്കുന്ന സൗദി രാജവംശത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം. മുഹമ്മദ് 'നിരപരാധി'യായതോടെ അയാളുടെ 18 കിങ്കരന്‍മാരുടെ തലയുരുളാനാണ് സാധ്യത. ചിലപ്പോള്‍ അതോടെ ഖഷഗ്ജിയുടെ വധം ഒരു അടിക്കുറിപ്പായി അവസാനിക്കുകയും ചെയ്യും.
ഒക്‌ടോബര്‍ 2ന് ഒരു കെണിയുടെ ഭാഗമായിട്ടാണ് ജമാല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തുന്നത്. വിമതന്‍മാരെ കൊല്ലുകയെന്നത് മധ്യപൗരസ്ത്യത്തിലെ ഭരണകൂടങ്ങളുടെ സ്വഭാവചര്യയാണ്. സയണിസ്റ്റുകള്‍ സ്ഥിരമായി ശത്രുക്കളെ അതു ചെയ്തുകൊണ്ടിരിക്കുന്നു. ഈജിപ്ഷ്യന്‍ ഏകാധിപതികള്‍ തൂക്കുമരത്തിലേക്കു കയറാത്ത രാഷ്ട്രീയ പ്രതിയോഗികളെ മരിക്കുന്നതുവരെ അടച്ചിടുന്നതിനായി പല ചുറ്റുമതിലുകളുള്ള ഒരു ദുര്‍ഗം തന്നെ പണിതിട്ടുണ്ട്. സിറിയയിലെ ബശ്ശാറുല്‍ അസദ് വിചാരണ പോലുള്ള നൂലാമാലകള്‍ ഒഴിവാക്കി വിമതരെ ബോംബിട്ടു കൊല്ലുന്നതിലാണ് പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്നത്.
ജമാല്‍ കിരീടാവകാശിയുടെ കണ്ണിലെ കരടായിട്ട് കുറച്ചു കാലമായി. മുന്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന തുര്‍കി ബിന്‍ ഫൈസലുമായി അടുത്ത ബന്ധമുള്ള ജമാല്‍ കൊട്ടാരരഹസ്യങ്ങള്‍ ഏറെ അറിയുന്നവരുടെ കൂട്ടത്തിലാണ്. തനിക്ക് ശത്രുക്കള്‍ കൂടുന്നുവെന്നു കണ്ടപ്പോള്‍ അമേരിക്കയിലേക്കു പോയതാണ് അദ്ദേഹം. വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ എന്ന നിലയില്‍ അമേരിക്കന്‍ നയതന്ത്ര വിദഗ്ധന്‍മാരുമായും ജമാലിനു കൂടുതല്‍ അടുപ്പമുണ്ടായിരിക്കണം.
പരിഷ്‌കര്‍ത്താവിന്റെ ബിഷ്ത് (മേല്‍ക്കുപ്പായം) അണിഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് 40 ശതമാനത്തിലധികം തൊഴില്‍രഹിതരുള്ള രാജ്യത്തെ യുവതീയുവാക്കളെ ഒതുക്കിനിര്‍ത്താന്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കി. അതിലൂടെ തന്റെ ജനപ്രീതി വര്‍ധിക്കുന്നുവെന്നു കണ്ടപ്പോള്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാന്‍ ലൈസന്‍സ് കൊടുത്തു. പക്ഷേ, അതിനു വേണ്ടി വാദിച്ചവരെ കൃത്യമായി ജയിലില്‍ അടയ്ക്കുകയും ചെയ്തു. 40,000 രാഷ്ട്രീയത്തടവുകാരാണ് ഇന്ന് സൗദി അറേബ്യയിലുള്ളത്. ആളുകള്‍ അപ്രത്യക്ഷരാവുന്നതു പതിവാണ്. 'ഡെയറിങ് റ്റു ഡ്രൈവ്' എന്ന പുസ്തകം എഴുതിയ സര്‍വകലാശാലാ അധ്യാപിക മനാല്‍ ശരീഫിനെ പോലുള്ളവര്‍ ജീവഭയം കാരണം ലണ്ടനിലേക്കു രക്ഷപ്പെട്ടു. മുഹമ്മദ് കിരീടാവകാശിയായ ഉടനെ പല രാജകുടുംബാംഗങ്ങളും ജയിലിലായി. കുറച്ചു മുമ്പ് കിരീടാവകാശി പല രാജകുമാരന്‍മാരെയും ബന്ദിപ്പണം വാങ്ങിയാണ് പുറത്തുവിട്ടത്. ധനാഢ്യനായ അല്‍വലീദ് രാജകുമാരനു വരെ റിയാദിലെ മുന്തിയ ഹോട്ടലായ റിറ്റ്‌സില്‍ നിന്നു പുറത്തുകടക്കാന്‍ അനേകം കോടി റിയാല്‍ നല്‍കേണ്ടിവന്നു.
ഒരുവശത്ത് സാമ്പത്തികമായ ഉദാരവാദത്തിന്റെ പ്രതീകമായി ചമയുമ്പോള്‍ മറുവശത്ത് എല്ലാ ഭിന്നാഭിപ്രായത്തെയും അടിച്ചമര്‍ത്തുക എന്ന നയം സ്വീകരിക്കുന്നത് തന്റെ സിംഹാസനാരോഹണം ഉറപ്പിക്കുന്നതിനു സഹായിക്കുമെന്ന് മുഹമ്മദും കൂട്ടാളികളും കരുതിയതുപോലുണ്ട്. ജമാലിനെ വകവരുത്താന്‍ മുഹമ്മദ് തീരുമാനിക്കുന്നതിന്റെ പശ്ചാത്തലം അതാണ്.
ഒക്ടോബര്‍ 2നു കോണ്‍സുലേറ്റില്‍ വന്ന് പ്രതിശ്രുത വധുവുമായുള്ള വിവാഹത്തിനു വേണ്ട രേഖ വാങ്ങാന്‍ ജമാലിനോട് നിര്‍ദേശിച്ചതുതന്നെ ഒന്നുകില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനോ അല്ലെങ്കില്‍ വകവരുത്താനോ ആണെന്ന് തുര്‍ക്കി ഇന്റലിജന്‍സ് കരുതുന്നു. ജമാലിന്റെ കൈയിലുള്ള സ്മാര്‍ട്ട് വാച്ചില്‍ നിന്നു പുറത്തുള്ള ഒരു മൊബൈല്‍ ഫോണിലേക്കു വന്ന ആക്രോശങ്ങളും നിലവിളിയും കൊലപാതകത്തിലേക്കു വെളിച്ചം വീശുന്നുണ്ട്. തുര്‍ക്കി ഇന്റലിജന്‍സിന്റെ കൈയിലുള്ള തെളിവുകള്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുമ്പില്‍ ഹാജരാക്കിയപ്പോഴാണ് ട്രംപ് ബാഹ്യമായെങ്കിലും കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതെന്നു കരുതാവുന്നതാണ്. തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്റെ കൈയില്‍ കൊലപാതകത്തില്‍ മുഹമ്മദിനുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവുകളുണ്ടെന്നും അതു പുറത്തുവിടാതിരിക്കാനാണ് സിഐഎ ഡയറക്ടര്‍ ജീന ഹാസ്‌പെല്‍ തിരക്കിട്ട് അങ്കറയില്‍ എത്തിയതെന്നും പറയപ്പെടുന്നു. തുര്‍ക്കി ഇന്റലിജന്‍സ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചുവച്ചിരിക്കാന്‍ ഇടയുണ്ടെന്നും കൊലയാളി സംഘത്തിന്റെ വാര്‍ത്താവിനിമയം അവര്‍ ചോര്‍ത്തിയിരിക്കാമെന്നും ഇന്റലിജന്‍സ് വിദഗ്ധര്‍ കരുതുന്നു.
ജമാലിനെ കോണ്‍സല്‍ ജനറലിന്റെ മുറിയില്‍ നിന്നു ബലമായി മറ്റൊരു മുറിയിലേക്കു കൊണ്ടുപോവുകയും മാരകമായ മരുന്നു കുത്തിവച്ച് പാതി ജീവനുള്ളപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉപയോഗിക്കുന്ന അറക്കവാള്‍ ഉപയോഗിച്ചു കഷണമാക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. കൊലയാളി സംഘത്തില്‍ ഒരു ഫോറന്‍സിക് വിദഗ്ധനും മുഹമ്മദിന്റെ അംഗരക്ഷകരുടെ തലവനുമായ മാഹിര്‍ മുത്‌രിബും ഉണ്ടായിരുന്നു. തുര്‍ക്കി ദിനപത്രമായ അസ്സബാഹിന്റെ ലേഖകന്‍ റജീബ് സൊയ്‌ലു അതു സൂചിപ്പിക്കുന്നുണ്ട്.
മൃതദേഹം മറവു ചെയ്യുന്നതിന് പുറത്തുള്ള ഒരു ടീമിനെ ഉപയോഗിച്ചുവെന്നും അതിന് യുഎഇ ഇന്റലിജന്‍സിന്റെ സഹായം ലഭിച്ചിരിക്കാമെന്നും കരുതുന്നവരുണ്ട്. അക്രമപ്രവര്‍ത്തനങ്ങളില്‍ മുഹമ്മദിന്റെ വലംകൈയാണ് അബൂദബിയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. അറബ് ലോകത്തെ ഇസ്‌ലാമിക ജനാധിപത്യ സംരംഭങ്ങളെ അടിച്ചമര്‍ത്തുന്നതിനു സഹായം ചെയ്തുകൊണ്ടിരിക്കുന്ന മുഹമ്മദാണ് ഈജിപ്തിലെ അല്‍സീസിക്കു പിടിച്ചുനില്‍ക്കാനുള്ള പണം നല്‍കുന്നത്.
ഓപറേഷന്‍ ഒരു ഹോളിവുഡ് കോമഡി പോലെ പാളിപ്പോയതാണ് കിരീടാവകാശിക്കു വിനയായി മാറിയത്. രണ്ടാഴ്ചയോളം പിടിച്ചുനിന്ന ശേഷം സാഹചര്യത്തെളിവുകള്‍ ശക്തമായതിനാല്‍ സൗദി ഭരണകൂടത്തിനു പിടിച്ചുനില്‍ക്കാന്‍ പറ്റാതെവരുകയായിരുന്നു. ദൗത്യത്തില്‍ പങ്കാളികളായ 18 പേരെ ഭരണകൂടം അറസ്റ്റ് ചെയ്തു. അവരും മുഹമ്മദും തമ്മിലുള്ള ബന്ധം ഊന്നിപ്പറയാതിരിക്കാന്‍ സൗദി വിദേശകാര്യ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. റിയാദില്‍ നടന്ന, പല പ്രമുഖരുടെയും അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ നിക്ഷേപ സമ്മേളനത്തില്‍ മുഹമ്മദിനെ മുഖ്യ താരമാക്കിയതിനു പിന്നിലും അതേ തന്ത്രം തന്നെയാണുള്ളത്. ഈ കുറ്റകൃത്യത്തില്‍ ''അയാള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നോ ഇല്ലെന്നോ ആരും എന്നോടു പറഞ്ഞില്ല'' എന്ന് ട്രംപ് പറയുമ്പോള്‍ തന്റെ ജാമാതാവ് ജാരഡ് കുഷ്‌നറുടെ അടുത്ത സുഹൃത്തായ മുഹമ്മദിനെ രക്ഷിക്കാനുള്ള വ്യഗ്രത തന്നെയാണ് പുറത്തുചാടുന്നത്.
ഇതു മധ്യപൗരസ്ത്യത്തില്‍ പുതുതായി രൂപപ്പെടുന്ന ശാക്തിക സഖ്യത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്നും സൂചിപ്പിക്കുന്നു. വന്‍തോതില്‍ എണ്ണശേഖരമുള്ള സൗദി അറേബ്യയിലും മറ്റ് അയല്‍പക്ക രാജ്യങ്ങളിലും ജനാധിപത്യം വരാതിരിക്കുക എന്നതാണ് അമേരിക്കയുടെ എക്കാലത്തെയും തന്ത്രം. അതിനു സഹായിക്കുന്ന ഏകാധിപത്യങ്ങളുടെ സംരക്ഷകരായി സയണിസ്റ്റ് രാഷ്ട്രം രംഗത്തുണ്ട്. ഇറാനെ ശത്രുവായി കണക്കാക്കുന്ന ഈ സഖ്യത്തിന്റെ ആണിക്കല്ലാണ് മുഹമ്മദ്. അറബ് ലോകത്ത് തങ്ങള്‍ക്കെതിരാവുന്ന ഏതു രാഷ്ട്രീയ വ്യവസ്ഥയെയും സൈനികമായി തകര്‍ക്കുകയെന്ന പുതിയ പദ്ധതി നടപ്പാക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാനും മുഹമ്മദ് ബിന്‍ സായിദുമാണ്. അതിന്റെ ഭാഗമായാണ് യമനില്‍ സുന്നികളോട് അടുത്തുനില്‍ക്കുന്ന ഹൂഥികള്‍ക്കെതിരേ നടക്കുന്ന നിഷ്ഠുരമായ ബോംബ് ആക്രമണം. 1200 കുഞ്ഞുങ്ങള്‍ അടക്കം 10,000ലധികം പേര്‍ ഇതിനകം യമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ കണക്കുതന്നെ ഒട്ടും ശരിയല്ലെന്നാണ് നിഷ്പക്ഷരായ മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്യുന്നത്. അരലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. ദിനംപ്രതി 150 കുഞ്ഞുങ്ങള്‍ പട്ടിണി കാരണം മരിക്കുന്നു.
അത്തരം സാഹസികമായ അധിനിവേശത്തിന്റെ മുഖ്യ കാര്‍മികനായ മുഹമ്മദ് ബിന്‍ സല്‍മാനെ രക്ഷിക്കേണ്ടത് ട്രംപിന്റെയും നെതന്യാഹുവിന്റെയും ബാധ്യതയാണ്. അതിനിടയിലാണ് എല്ലാം തകിടംമറിച്ചുകൊണ്ടുള്ള ഈ കൊലപാതകം നടക്കുന്നത്. സൗദി രാജവംശത്തിന്റെ നിലനില്‍പിനുതന്നെ ഭീഷണിയായി മരിച്ച ജമാല്‍ ഖഷഗ്ജി ഉയര്‍ന്നുനില്‍ക്കുന്നു. ലോകമെങ്ങുമുള്ള സലഫി പ്രചാരസംഘത്തിന്റെ മതവ്യാഖ്യാനങ്ങള്‍ കൊണ്ടു മാത്രം ഈ ദുഷിച്ച ഏകാധിപത്യത്തിനു പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ി
Next Story

RELATED STORIES

Share it