എസ്ഡിപിഐയുടേത് ജനപക്ഷം രാഷ്ട്രീയം: എം കെ ഫൈസി

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ വളരെ ശക്തമായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ദൗത്യമാണ് എസ്ഡിപിഐ നിര്‍വഹിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. തമ്പാനൂരില്‍ എസ്ഡിപിഐ സംഘടിപ്പിച്ച ദേശീയ നേതാക്കള്‍ക്കൊപ്പം സൗഹൃദവിരുന്ന് എന്ന മാധ്യമസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനത്തിനെതിരെയും രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവര്‍ക്കെതിരെയും ജനങ്ങളുടെ അടിസ്ഥാന ജീവല്‍പ്രശ്‌നങ്ങളിലൂന്നിയ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോയി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചുവച്ച് തികച്ചും വര്‍ഗീയ കാര്‍ഡിളക്കി 2019ലെ തിരഞ്ഞെടുപ്പിനെ നേടിരാനുള്ള ബിജെപി നീക്കത്തിനെതിരേ ദേശവ്യാപകമായി എസ്ഡിപിഐ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഒരുമിച്ചു നില്‍ക്കണമെന്നാണ് പാര്‍ട്ടി നിലപാട്. അതിന് മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യണം. പരസ്പരം മല്‍സരിച്ച് ജനാധിപത്യശക്തികളെ ക്ഷീണിപ്പിക്കരുതെന്ന നിലപാട് പാര്‍ട്ടിക്കുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ എസ്ഡിപിഐയെ വളര്‍ന്നുവരുന്ന രാഷ്ട്രീയശക്തിയായി കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ അല്‍ഫാന്‍സോ ഫ്രാങ്കോ, അബ്ദുല്‍ മജീദ് മൈസൂര്‍, സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it