thrissur local

എസ്എസ്എല്‍സി പരീക്ഷ ജില്ലയ്ക്ക് 97.24 ശതമാനം വിജയം



തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്ക് 97.241 ശതമാനം വിജയം. 98.19 ശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനത്ത് തൃശൂര്‍ 97.87 ശതമാനം. ചാവക്കാട് മൂന്നാംസ്ഥാനത്ത് 96.07. പരീക്ഷയെഴുതിയ 38134 വിദ്യാര്‍ഥികളില്‍ 37082 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 1713 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തൃശൂരില്‍ 85 സ്‌കൂളുകളില്‍ നിന്നായി 11253 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 11013 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 615 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 31 വിദ്യാലയങ്ങള്‍ നൂറുമേനി കൊയ്തു. ഇരിങ്ങാലക്കുടയില്‍ 85 സ്‌കൂളുകളില്‍ നിന്നായി 11532 പേര്‍ പരീക്ഷയെഴുതി. 11323 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 597 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. 37 സ്‌കൂളുകള്‍ക്ക് നൂറുമേനി. ചാവക്കാട് ഉപജില്ലയില്‍ 94 സ്‌കൂളുകളില്‍ നിന്നായി 15349 പേര്‍ പരീക്ഷയെഴുതി. 14746 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 501 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. 38 സ്‌കൂളുകള്‍ക്ക് നൂറുമേനി.ചാലക്കുടി: എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ചാലക്കുടിയിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വന്‍ നേട്ടം. ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ നൂറ് മേനി വിജയത്തിന് രണ്ട് വിദ്യാര്‍ഥിനികള്‍ കരസ്ഥമാക്കിയ മുഴുവന്‍ എ-പ്ലസ്സ് ഇരട്ടി മധുരം നല്‍കി. പൂലാനി മുണ്ടത്തിന്‍മേല്‍ പ്രേംരാജന്റെ മകള്‍ അനുശ്രീയും ചൗക്ക വിതയത്ത് പാണേക്കാടന്‍ ഡേവീസിന്റെ മകള്‍ ആഷ്‌ലിയുമാണ് മുഴുവന്‍ എ-പ്ലസ്സും നേടി സ്‌കൂളിന് അഭിമാനമായത്. 56 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരുന്നത്. ഇത് അഞ്ചാം തവണയാണ് ഗേള്‍സ് സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥിക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍, വിദ്യഭ്യാസ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ജോജു, വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി എന്നിവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ അനുമോദിച്ചു. വി ആര്‍ പുരം ഗവ. സ്‌കൂളിലും ഇത്തവണ മുഴുവന്‍ പേരും വിജയിച്ചു. പതിനാറ് പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. എന്നാല്‍ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 56 പേരില്‍ നാലുപേര്‍ പരാജയപ്പെട്ടു. ഇവിടെ നാല് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എപ്ലസ് ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it