'എന്റെ മകനെയല്ല അവര്‍ കൊലചെയ്തത്, മാനവികതയെ'

മുഹമ്മദ് പടന്നമുംബൈ: 'എന്റെ മകനെയല്ല, അവര്‍ കൊല ചെയ്തത്; മാനവികതയെത്തന്നെയാണ്.' രെഹാന ആസ്മി എന്ന വൃദ്ധമാതാവിന്റേതാണ് ഈ വാക്കുകള്‍. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒട്ടനവധി നിരപരാധികള്‍ക്കു വേണ്ടി വാദിച്ചതിന്റെ പേരില്‍ ഹിന്ദുത്വവാദികളുടെ വെടിയേറ്റ് മരിച്ച തന്റെ മകനെക്കുറിച്ചാണ് അവര്‍ പറയുന്നത്്. മുംബൈയിലെ യുവ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഷാഹിദ് ആസ്മിയെക്കുറിച്ച്. 32ാം വയസ്സില്‍ കുര്‍ളയിലെ തന്റെ ഓഫിസില്‍ വച്ച് ആസ്മി കൊല്ലപ്പെട്ടിട്ട്് ഇന്നലെ എട്ടുവര്‍ഷം തികഞ്ഞു. 2010 ഫെബ്രുവരി 10നാണു നിയമസഹായം തേടിയെന്ന വ്യാജേന എത്തിയ രണ്ടു പേരുടെ വെടിയേറ്റ്് ആസ്മി മരിക്കുന്നത്.  1993 ബോംബ് സ്‌ഫോടനം, ഘട്‌കോപ്പര്‍ ട്രെയിന്‍ സ്‌ഫോടനം, 2006 ജൂലൈ ട്രെയിന്‍ സ്‌ഫോടനം തുടങ്ങിയ കേസുകളില്‍ ഒട്ടേറെ നിരപരാധികള്‍ക്ക് തന്റെ ഇടപെടല്‍ മൂലം നീതി ലഭ്യമാക്കാന്‍ കാരണമായതാണ് ആസ്മിയെ ശത്രുക്കളുടെ കണ്ണിലെ കരടായി മാറ്റിയത്.മഹാരാഷ്ട സംഘടിത കുറ്റകൃത്യ നിരോധിത നിയമം (മക്കോക്ക), തീവ്രവാദ നിരോധിത നിയമം (പോട്ട) തുടങ്ങിയവ ചുമത്തപ്പെട്ട പല നിരപരാധികള്‍ക്കും ആസ്മിയുടെ വാദംമൂലം ആശ്വാസകരമായ വിധി സമ്പാദിക്കാന്‍ സാധിച്ചിരുന്നു. 18 പേരെ അറസ്റ്റ് ചെയ്യപ്പെട്ട (ഇവരിലൊരാള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു) 2006 ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ഒമ്പതു നിരപരാധികളെ വെറുതെവിടാന്‍ കാരണമായ വിധി ആസ്മിയാണ് നേടിയെടുത്തത്. കൂടാതെ പോട്ട ചുമത്തപ്പെട്ട് കസ്റ്റഡിയിലെടുത്ത എട്ടുപേരെ വിട്ടയച്ചതും ആസ്മിയുടെ നിയമപോരാട്ടത്തിന്റെ ഫലമായാണ്. മാലേഗാവ് സ്‌ഫോടനക്കേസ് ആസ്മി കൈകാര്യം ചെയ്തത് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വവാദികളെ വിറളി പിടിപ്പിച്ചിരുന്നു.ഭീകരാക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും സുപ്രിംകോടതി വെറുതെവിട്ട ഫഹീം അന്‍സാരിയുടെ കേസുമായി ബന്ധപ്പെട്ടാണ് ആസ്മിക്ക് വധഭീഷണി വരാന്‍ തുടങ്ങിയത്. ഒമ്പതാം വര്‍ഷവും ഷാഹിദ് ആസ്മിക്ക് നീതി തേടിയുള്ള നിയമപോരാട്ടം തുടരുന്നതു സഹോദരനും അഭിഭാഷകനുമായ ഖാലിദ് ആസ്മി ആണ്. ദൃക്‌സാക്ഷി ഇല്ലാത്തതും സാക്ഷികള്‍ സഹകരിക്കാത്തതുമാണു കേസ് നീളാന്‍ കാരണമാവുന്നതെന്ന് ഖാലിദ് ആസ്മി പറയുന്നു.എട്ടു വര്‍ഷമായിട്ടും ഇതു സംബന്ധിച്ച കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. കേസില്‍ നാലു പേരാണു പിടിയിലായത്്. ഇതില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനിടെ 12 തവണയാണ് കേസ് വിവിധ കോടതികളിലേക്ക്് മാറ്റിയത്്. അധോലോക നേതാവ് സന്തോഷ് ഷെട്ടിയെ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും തെളിവുകളില്ലെന്നു പറഞ്ഞ്് 2014ല്‍ ഷെട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കി. വീണ്ടും ഹരജി സമര്‍പ്പിച്ചുവെങ്കിലും സാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന്്് ഷെട്ടി വീണ്ടും കേസില്‍ നിന്നൊഴിവാക്കപ്പെട്ടു.കേസ് അനന്തമായി നീളുമ്പോഴും ഷാഹിദിന്റെ കുടുംബം പ്രതീക്ഷ കൈവിടുന്നില്ല. വിചാരണ വൈകിയിട്ടുണ്ടാവാം. എന്നാല്‍ ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. നീതി നടപ്പാക്കപ്പെടുക തന്നെ ചെയ്യും- ഷാഹിദിന്റെ മാതാവ് പറയുന്നു.'ഓരോ വീട്ടിലും ഷാഹിദിനെപ്പോലൊരു മകന്‍ ആവശ്യമാണ്. കൊല്ലപ്പെട്ട ദിവസവും ഒരു സഹായാഭ്യര്‍ഥന കേട്ട് അവന്‍ തന്റെ ഓഫിസിലേക്ക് ഓടിെയത്തുകയായിരുന്നു. ആ മാതാവ് ഓര്‍ക്കുന്നു. ഷാഹിദിന്റെ ഘാതകരോട് ഒരു ചോദ്യമേ ഇവര്‍ക്ക് ചോദിക്കാനുള്ളൂ- നിങ്ങള്‍ക്കു രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ?
Next Story

RELATED STORIES

Share it