ഉദയകുമാര്‍ കേസിലെ വിധി പോലിസിനുള്ള താക്കീത്: എസ്ഡിപിഐ

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള സിബിഐ കോടതിയുടെ വിധി നിരന്തരമായി കസ്റ്റഡി മര്‍ദനങ്ങള്‍ ആവര്‍ത്തിക്കുന്ന പോലിസ് സേനയ്ക്കുള്ള നീതിപീഠത്തിന്റെ താക്കീതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അഭിപ്രായപ്പെട്ടു.
കാക്കിക്കുള്ളിലെ ക്രൂരന്മാരെ പുറത്താക്കുന്നതിനു പകരം സംരക്ഷിക്കുന്ന നിലപാടാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും സംഭവമുണ്ടാവുമ്പോള്‍ പോലിസിലെ ക്രിമിനലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനപ്പുറമുള്ള ഒരു നടപടിയും കൈക്കൊള്ളാത്തതാണ് കസ്റ്റഡി മര്‍ദനങ്ങളും മരണങ്ങളും ആവര്‍ത്തിക്കാന്‍ കാരണം.
തിരുവനന്തപുരത്തെ ശ്രീജീവിന്റെയും വരാപ്പുഴയിലെ ശ്രീജിത്തിന്റെയും ഉള്‍പ്പെടെയുള്ള കസ്റ്റഡി മരണത്തിനും മര്‍ദനത്തിനും ഉത്തരവാദികളായ പോലിസ് സേനയിലെ ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സേനയും സര്‍ക്കാരും ചെയ്യുന്നത്. നീതി ലഭിക്കുന്നതുവരെ പോരാടിയ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ ഇരയാക്കപ്പെടുന്ന സമൂഹത്തിനു മാതൃകയും പോലിസുകാരാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രചോദനവുമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.
Next Story

RELATED STORIES

Share it