Flash News

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് : കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്‌

ഉത്തരാഖണ്ഡ്  നിയമസഭാ  തിരഞ്ഞെടുപ്പ് : കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്‌
X


ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കൂടി കണ്ടുകെട്ടാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. നേരത്തേ, വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥി നല്‍കിയ ഹരജിയില്‍ ഈ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ രണ്ടു ജില്ലയിലെ ആറു മണ്ഡലത്തിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ കൂടി കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ഇവിടെ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സാര്‍വേഷ് കുമാര്‍ ഗുപ്തയുടെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവ്. മസൂരി, രാജ്പൂര്‍ റോഡ്, റായ്പൂര്‍, ബെല്‍ റാണിപൂര്‍, ഹരിദ്വാര്‍ റൂറല്‍, പ്രതാപ് നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കണ്ടുകെട്ടാനാണ് കോടതി നിര്‍ദേശം. ഹരിദ്വാര്‍ റൂറലില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്താണ് പരാജയപ്പെട്ടത്. ഇവിടത്തെ ഒരു വോട്ടറാണ് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിച്ചത്. മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് പരാതിക്കാര്‍. വിഷയത്തില്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, വിജയിച്ച സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കു കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടിയത് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it