Editorial

ഇസ്രായേലികള്‍ ഇനിയും ചരിത്രം പഠിച്ചിട്ടില്ല

കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 60ലധികം പേരുടെ മരണത്തിനും ആയിരക്കണക്കിനു ഫലസ്തീന്‍കാര്‍ക്ക് പരിക്കേല്‍ക്കുന്നതിനും വഴിവച്ച ഇസ്രായേലി വെടിവയ്പിനെതിരേ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധമുയരുകയാണ്. ലോകത്തെ ഏറ്റവും വലിയ തടങ്കല്‍പ്പാളയങ്ങളിലൊന്നായി മാറിയ ഗസയിലെ ജനങ്ങള്‍ തങ്ങളുടെ ജന്മഗേഹങ്ങളിലേക്ക് തിരിച്ചുപോവാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തിയ സമാധാനപരമായ പ്രക്ഷോഭത്തിനു നേരെയാണ് സയണിസ്റ്റ് സൈനികര്‍ യന്ത്രത്തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്തത്. ഇസ്രായേലിലെ യുഎസ് എംബസി തര്‍ക്കനഗരമായ ജറുസലേമിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് ലോകമനസ്സാക്ഷിയെ നടുക്കുന്ന കൂട്ടക്കുരുതി. ഗസയിലെ ജനങ്ങള്‍ തങ്ങള്‍ക്കെതിരേ യുദ്ധത്തിനു വരുകയായിരുന്നുവെന്നാണ് ഇസ്രായേലി സൈനികവക്താക്കളിലൊരാള്‍ പ്രതികരിച്ചത്.
1948ല്‍ ഇസ്രായേല്‍ സ്ഥാപനം എന്ന മഹാദുരന്തം അനുസ്മരിച്ചുകൊണ്ട് 70 വര്‍ഷമായി ഫലസ്തീന്‍കാര്‍ ആചരിച്ചുവരുന്ന നഖ്ബ ദിനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തെയാണ് ഇസ്രായേല്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഫലസ്തീന്‍ ഭൂമി യഹൂദര്‍ക്കും ഫലസ്തീന്‍കാര്‍ക്കുമായി വിഭജിക്കുന്ന യുഎന്‍ പ്രമേയത്തില്‍ സ്വന്തം ജന്മഗേഹങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് തിരികെ പോവാനുള്ള അവകാശം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. പല ഇസ്രായേലി നഗരങ്ങളിലും തദ്ദേശവാസികളുടെ വീടുകളും കൃഷിയിടങ്ങളും കൈയേറിയാണ് യൂറോപ്പില്‍ നിന്നു യഹൂദര്‍ വാസമുറപ്പിച്ചത്. ഭീകരപ്രവൃത്തികള്‍ കാരണം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ഫലസ്തീന്‍കാര്‍ക്കു തിരിച്ചുവരാന്‍ അവസരം നിഷേധിക്കുന്ന ഇസ്രായേല്‍, ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വരുന്ന യഹൂദ മതവിശ്വാസിക്ക് വിമാനത്താവളത്തില്‍ വച്ചു തന്നെ പൗരത്വം നല്‍കുന്നു. അത്തരം അനീതികള്‍ക്കെതിരേ പ്രതിഷേധിക്കുന്നതിനാണ് 30,000ലധികം ഗസക്കാര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടിയത്.
ഇസ്രായേല്‍ ഭരിക്കുന്ന വലതുപക്ഷ വംശവെറി ഭരണകൂടം ആയുധശേഷിയില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രസുരക്ഷ ഉറപ്പുവരുത്താമെന്നാണ് കരുതുന്നത്. കൂട്ടക്കൊലയെപ്പറ്റി പ്രതികരിക്കവെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രായേലിനു സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് പ്രതികരിച്ചതില്‍ തന്നെ ഇത്തരം ക്രൂരതകള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് വ്യക്തമാവുന്നു.
മധ്യപൗരസ്ത്യം പൂര്‍ണമായും സംഘര്‍ഷഭരിതമായത് നെതന്യാഹുവിനെപ്പോലുള്ള തീവ്ര സയണിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് വലിയ സൗകര്യമായി എന്നാണ് മനസ്സിലാക്കേണ്ടത്. സൗദി അറേബ്യയും ഖത്തര്‍ ഒഴിച്ചുള്ള ജിസിസി രാഷ്ട്രങ്ങളും ഇറാനെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ചതോടെ ഇസ്രായേല്‍ അവരുടെ കൂട്ടാളിയായി മാറിയിട്ടുണ്ട്. എന്നാല്‍, വെറും ആയുധബലം കൊണ്ടു മാത്രം മധ്യപൗരസ്ത്യത്തിലെ മണല്‍ക്കൂനകളില്‍ തങ്ങള്‍ക്ക് സുരക്ഷിതമായൊരു കോട്ട പണിയാന്‍ പറ്റില്ലെന്നറിയാന്‍ സയണിസ്റ്റുകള്‍ക്ക് ലബ്‌നാനില്‍ അവര്‍ക്കേറ്റ തിരിച്ചടി മാത്രം മതിയാവും.
Next Story

RELATED STORIES

Share it