Cricket

ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: തിരിച്ചടിച്ച്  ഇന്ത്യ
X



കൊല്‍ക്കത്ത: ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയെ മറന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യയുള്ളത്. കളി തീരാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ 49 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 294 റണ്‍സില്‍ അവസാനിച്ചിരുന്നു.നാലാം ദിനം നാല് വിക്കറ്റിന് 165 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച  ശ്രീലങ്കക്ക് സ്‌കോര്‍ബോര്‍ഡില്‍ 200 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നിരോഷന്‍ ഡിക്‌വെല്ലയുടെ (35) വിക്കറ്റ് നഷ്ടമായി. ഡിക്‌വെല്ലയെ മുഹമ്മദ് ഷമി വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ  ഷണകയെ (0) ഭുവനേശ്വര്‍ കുമാര്‍ എല്‍ബിയില്‍ കുടുക്കി മടക്കി. എന്നാല്‍ രങ്കണ ഹരാത്തിന്റെ (67) അര്‍ധ സെഞ്ച്വറി പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി. 105 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറുകള്‍ സഹിതമാണ് ഹരാത്തിന്റെ അര്‍ധ സെഞ്ച്വറി നേടിയത്. വാലറ്റത്ത് സുരങ്ക ലക്മലും (16) ഹരാത്തിന് മികച്ച പിന്തുണ നല്‍കിയതോടെ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 294 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറും പടുത്തുയര്‍ത്തി. ഒന്നാം ഇന്നിങ്‌സില്‍ 122 റണ്‍സിന്റെ ലീഡും ശ്രീലങ്ക അക്കൗണ്ടിലാക്കി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും നാല് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി.രണ്ടാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. ശിഖര്‍ ധവാന്‍ (94), കെ എല്‍ രാഹുല്‍ (73*) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറപാകിയത്. 116 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധവാനെ ഷണക വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. 113 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകള്‍ ഉള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. കളി പിരിയുമ്പോള്‍ രാഹുലിനൊപ്പം പുജാരയാണ് (2*) ക്രീസിലുള്ളത്.
Next Story

RELATED STORIES

Share it