Flash News

ഇനി എട്ടിലെ പോരാട്ടം

മോസ്‌കോ: 21ാമത് ഫിഫ ലോകകപ്പിന്റെ അവകാശികളാവാന്‍ ഇനി വേണ്ടത് മൂന്നു ജയങ്ങള്‍ മാത്രം. സെമി ഫൈനല്‍ ലക്ഷ്യമിട്ട് എട്ടു ടീമുകളാണ് ക്വാര്‍ട്ടറില്‍ നാളെ മുതല്‍ രണ്ടു ദിവസമായി നടക്കുന്ന പോരിനിറങ്ങുന്നത്. പതിവുപോലെ തന്നെ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കരുത്തന്മാര്‍ മാത്രമാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.
ബ്രസീല്‍, ഫ്രാന്‍സ്, ഉറുഗ്വേ, ബെല്‍ജിയം, റഷ്യ, ക്രൊയേഷ്യ, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളത്. സ്‌പെയിന്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നിവരാണ് പ്രീക്വാര്‍ട്ടറില്‍ ചുവടുപിഴച്ച പ്രധാന ടീമുകള്‍.  ക്വാര്‍ട്ടര്‍ ഫിക്‌സ്ചറില്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഫ്രാന്‍സ്-ഉറുഗ്വേ, ബ്രസീല്‍-ബെല്‍ജിയം പോരാട്ടങ്ങള്‍ക്കാകും ആരാധകര്‍ കാത്തിരിക്കുന്നത്. പതിവുപോലെ തന്നെ യൂറോപ്പില്‍ നിന്നോ ലാറ്റിനമേരിക്കയില്‍ നിന്നോ ഉള്ള ടീമുകളായിരിക്കും കപ്പിന്റെ അവകാശികളെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
പ്രീക്വാര്‍ട്ടറില്‍ മധ്യ-വടക്കന്‍ അമേരിക്കന്‍ പ്രതിനിധിയായി മെക്‌സിക്കോയും ഏഷ്യയില്‍ നിന്ന് ജപ്പാനുമുണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും കാലിടറുകയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ അപ്രതീക്ഷിതമായ ഫലങ്ങള്‍ പലതുമുണ്ടായെങ്കിലും നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ തോല്‍വിയാണ് ഈ ലോകകപ്പിന്റെ ഭാഗധേയങ്ങളെ നിര്‍ണയിച്ച പ്രധാന ഘടകം. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യ സ്‌പെയിനിനെ അട്ടിമറിച്ചതും പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ നിര്‍ണായകമായിരുന്നു.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനിയെ അട്ടിമറിച്ചെങ്കില്‍ അതിനിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയ 2-0ന് ജര്‍മനിയെ കീഴടക്കിയത് ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായി. ജര്‍മനി പ്രതീക്ഷിച്ച പോലെ കളിച്ചിരുന്നെങ്കില്‍ ഗ്രൂപ്പ് എഫ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയാണ് കളിക്കേണ്ടിയിരുന്നത്. ജര്‍മനിയും സ്‌പെയിനും മടങ്ങിയതോടെ ടൂര്‍ണമെന്റിലെ ഇരുപകുതികളില്‍ ഒന്ന് അതിശക്തവും രണ്ടാമത്തേത് താരതമ്യേന ദുര്‍ബലവുമായി മാറി.
ഇനിയുള്ള പോരാട്ടങ്ങളില്‍ നാലു മുന്‍ ചാംപ്യന്‍മാരും കന്നി കിരീടം ലക്ഷ്യമിടുന്ന നാലു ടീമുകളുമാണുള്ളത്. ആറു യൂറോപ്യന്‍ ടീമുകളും രണ്ടു ലാറ്റിനമേരിക്കന്‍ ടീമുകളുമാണ് കളത്തിലുള്ളത്. അര്‍ജന്റീനയുടെ താരപ്പകിട്ടിനെ യുവരക്തത്തിന്റെ കരുത്തില്‍ മറികടന്ന ഫ്രഞ്ച് പടയും റൊണാള്‍ഡോയുടെ പറങ്കിപ്പടയെ കപ്പല്‍ കയറ്റിയ സുവാരസിന്റെയും കവാനിയുടെയും ഉറുഗ്വേയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍. വെള്ളിയാഴ്ച 7.30ന്. അന്നു രാത്രി 11.30നു ബ്രസീലും ബെല്‍ജിയവും രണ്ടാം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
ടൂര്‍ണമെന്റ് നേടാന്‍ സാധ്യത കല്‍പിക്കുന്നവരില്‍ മുന്നിലുള്ള രണ്ടു ടീമുകളില്‍ ഒന്ന് സെമി കാണാതെ പുറത്തുപോകേണ്ടിവരും. ശനിയാഴ്ച നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യയ്ക്ക് ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയ ക്രൊയേഷ്യയാണ് എതിരാളികള്‍. അന്നു രാത്രി അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും സ്വീഡനും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it