Kottayam Local

ആശുപത്രി അധികൃതരുമായി വാക്കുതര്‍ക്കം; പോലിസ് മോര്‍ച്ചറിക്കു വെളിയില്‍ മൃതദേഹവുമായി കാത്തുനിന്നു



ഗാന്ധിനഗര്‍: മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതരും പോലിസും തമ്മില്‍ വാക്കുതര്‍ക്കം. ആറു മണിക്കൂര്‍ സമയം ആംബുലന്‍സില്‍ മൃതദേഹവുമായി മോര്‍ച്ചറിക്കു വെളിയില്‍ പോലിസ് കാത്തുനിന്നു. ഒടുവില്‍ വൈകീട്ട് ആറിന് മൂന്ന് മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം ഫ്രീസറിന് വെളിയില്‍ വച്ചശേഷം പോലിസ് കൊണ്ടുവന്ന മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സംഭവം. ഇന്നലെ രാവിലെ 6.30ന് ചങ്ങനാശ്ശേരി റെയില്‍വേ ട്രാക്കില്‍ തലയറ്റ നിലയില്‍ കാണപ്പെട്ട് 50 വയസ് പ്രായം തോന്നിക്കുന്ന പാന്റും ഷര്‍ട്ടും ധരിച്ചയാളുടെ മൃതദേഹമാണ് പേലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പോലിസ് നടപടിക്കുശേഷം ഉച്ചയ്ക്ക് 12ഓടെ പോലിസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ 12 ഫ്രീസറുകള്‍ ഉള്ള മോര്‍ച്ചറിയില്‍ ആറെണ്ണം പൂര്‍ണമായും തകരാറിലാണ്. ശേഷിക്കുന്ന ആറെണ്ണത്തില്‍ നാലെണ്ണം അഞ്ജാത മൃതദേഹമാണ്. ഒഴിവുള്ള രണ്ട് ഫ്രീസര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ മരിച്ചാല്‍ സൂക്ഷിക്കേണ്ടതാണെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് മോര്‍ച്ചറി ചുമതലയുള്ള ആര്‍എംഒ ഡോ. രഞ്ജിനുമായി പോലിസ് ബന്ധപ്പെട്ടെങ്കിലും  പ്രയോജനമുണ്ടായില്ല. മൃതദേഹം സൂക്ഷിക്കാന്‍ കഴിയാതെ പോലിസ് ബുദ്ധിമുട്ടി. വെളിയില്‍ നിന്ന് പോലിസ് കൊണ്ടുവന്ന മൃതദേഹം സൂക്ഷിക്കാന്‍ നിയമാനുസരണം ചട്ടമില്ലെന്ന് പോലിസിനോട് പറഞ്ഞു. എന്നാല്‍ ഇവിടെ സൂക്ഷിക്കാന്‍ സ്ഥലം ഇല്ലെന്നു പറഞ്ഞ് രേഖാമൂലം കത്തു തരണമെന്നു പോലിസ് പറഞ്ഞു. ഇതു വാക്കുതര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് പോലിസിനെ ആര്‍എംഒ ഇറക്കി വിടുകയും ചെയ്തു. എന്നാല്‍ വൈകീട്ട് ആറായിട്ടും മൃതദേഹവുമായി ആംബുലന്‍സ് മോര്‍ച്ചറി പരിസത്ത് കിടക്കുന്നുവെന്ന വിവരം ആര്‍എംഒയെ അറിയിച്ചു. അദ്ദേഹം വന്ന് മൂന്നു മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം മാറ്റി ചങ്ങനാശ്ശേരി പോലിസ് കൊണ്ടുവന്ന മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ ആറു മണിക്കൂര്‍ നീണ്ട പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it