ആറളം ഫാമില്‍ പി ജയരാജന്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു ; ഗണേശോല്‍സവത്തിനു പിന്നാലെ വിജയദശമി ആഘോഷവുമായി സിപിഎം

ഇരിട്ടി: ഗണേശോല്‍സവത്തിനും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനും രാമായണമാസാചരണത്തിനും പിന്നാലെ വിജയദശമി ആഘോഷവുമായി സിപിഎം. പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ഉണര്‍വ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങ് നടത്തി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാം 10ാം ബ്ലോക്കിലെ രജിത-നിധിന്‍ ദമ്പതികളുടെ മകള്‍ മൂന്നുവയസ്സുകാരി നിരഞ്ജനയെ പി ജയരാജന്‍ അരിയില്‍ ഹരിശ്രീ എഴുതിച്ചു. നാക്കില്‍ സ്വര്‍ണമോതിരംകൊണ്ടും എഴുതി. ഫാം കോളനികളിലെ 50 കുട്ടികള്‍ പങ്കെടുത്തു. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍, ഫാം ലോക്കല്‍ സെക്രട്ടറി കെ കെ ജനാര്‍ദനന്‍, അധ്യാപകരായ വി മുകുന്ദന്‍, കെ ജെ മഞ്ജു, ടി എം രമേശന്‍ സംസാരിച്ചു.
സിപിഎമ്മിന്റെ ജീവകാരുണ്യസംഘടനയായ ഐആര്‍പിസിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തിലാണ് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ഉണര്‍വ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ആറളം ഫാം പുനരധിവാസമേഖല ഉള്‍പ്പെടെ 163 കോളനികളില്‍ ഉണര്‍വ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it