thrissur local

ആര്‍ത്താറ്റിനെ പിടിച്ചുലച്ച മിന്നല്‍ ചുഴലിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്്; നഷ്ടപരിഹാരം ലഭിച്ചില്ല

കുന്നംകുളം: ആര്‍ത്താറ്റിനെ പിടിച്ചുലച്ച മിന്നല്‍ ചുഴലിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്. ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ അധികാരികള്‍ക്കായിട്ടില്ല.
സൈറന്‍ മുഴക്കിയുള്ള ആംബുലന്‍സുകളുടെ പാച്ചില്‍, ആശുപത്രികളില്‍ പരിക്കേറ്റവരുടെ വിലാപങ്ങള്‍ ആഞ്ഞുവീശിയ മിന്നല്‍ ചുഴലിയില്‍ അന്ന് വ്യാപക നാശനഷ്ടമാണുണ്ടായത്. ദേവാലയങ്ങളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ദേവാലയത്തിലുണ്ടായിരുന്ന നിരവധി വിശ്വാസികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. വന്‍ മരങ്ങള്‍ നിലംപൊത്തി ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി.
നാട്ടുകാരുടേയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ഇതര വകുപ്പുകളുടേയും വലിയ പരിശ്രമം കൊണ്ട് നാടിനെ പൂര്‍വസ്ഥിതിയിലേക്കെത്തിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
മന്ത്രിമാരും എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളുമെത്തി ദുരന്തത്തില്‍ പെട്ടവരെ ആശ്വസിപ്പിച്ചു. നഷ്ടപരിഹാരം നല്‍കാമെന്ന പ്രഖ്യാപനങ്ങള്‍ക്കും കുറവുണ്ടായില്ല.
നഗരസഭ അധികൃതര്‍ സഹായം പ്രഖ്യാപിച്ച് ഒരാള്‍ക്ക് മാത്രം ചെക്ക് നല്‍കി ഉദ്ഘാടനം നടത്തിയെങ്കിലും നിയമപ്രശ്‌നം മൂലം മറ്റുള്ളവര്‍ക്ക് സഹായം നല്‍കാനായില്ല. ദുരന്തമുണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങളെയും വേദനകളേയും മറക്കുന്ന കൂട്ടത്തില്‍ അധികാരികളുടെ സഹായ വാഗ്ദാനങ്ങളേയും മറക്കേണ്ട ഗതികേടിലാണ് ആര്‍ത്താറ്റ് നിവാസികള്‍.
Next Story

RELATED STORIES

Share it