kasaragod local

ആര്‍എസ്എസ് പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ്; കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലയുന്നു

ബദിയടുക്ക: വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍, മാതൃശക്തി, ആര്‍എസ്എസ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ ബദിയടുക്കയില്‍ നടന്ന ഹിന്ദുസമാജോല്‍സവ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചത് ബദിയടുക്ക പഞ്ചായത്തില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീണു. പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ടാണ് ആര്‍എസ്എസും സംഘപരിവാരവും സംഘടിപ്പിച്ച പരിപാടിയില്‍ അധ്യക്ഷത വഹിച്ചത്.
കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമായിരുന്നു. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുമഹോല്‍സവത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് കൃഷ്ണഭട്ട് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി ഒത്താശയോടെ സംഘപരിവാരം സംഘടിപ്പിച്ച പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചത് യുഡിഎഫിലും വിഭാഗീയതക്കിടയാക്കിയിട്ടുണ്ട്. ആര്‍എസ്എസിന്റെ പ്രമുഖരായ നേതാക്കളാണ് കൂടുതലായി പങ്കെടുത്തിരുന്നത്.
ആര്‍എസ്എസ് നേതാവായ സാധ്വി ബാലിക സരത്വതിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഒഡിയൂര്‍ ഗുരുദത്ത ഗുരുദേവാനന്ദ സ്വാമിജി, രാമചന്ദ്ര സ്വാമിജി കപില ആശ്രമം, യോഗാനന്ദ സരസ്വതി സ്വാമിജി, ആര്‍എസ്എസ് നേതാവ് പ്രഭാകര ഭട്ട് കല്ലടുക്ക, എം വി പുരാണിക്, കെ പി ഹരിദാസ്, ശരണ്‍ പമ്പുവയല്‍ തുടങ്ങിയ ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും നേതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തത്. തൊട്ടടുത്ത കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്നതിനിടയിലാണ് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബദിയടുക്കയില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയുടെ ഒത്താശയോടെ സംഘടിപ്പിച്ച സംഘപരിവാരം പരിപാടിയില്‍ അധ്യക്ഷ സ്ഥാനംവഹിച്ചത്. സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ സായിറാംഗോപാലകൃഷ്ണഭട്ടിന്റെ മകനാണ് കെ എന്‍ കൃഷ്ണഭട്ട്.
പഞ്ചായത്ത് പ്രസിഡന്റ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചാല്‍ ബദിയടുക്ക പഞ്ചായത്തില്‍ ലീഗ് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലീഗിനും കോണ്‍ഗ്രസിനും അഞ്ച് വീതം അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഉപാധിയില്ലാതെയാണ് ്‌കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലീഗ് നല്‍കിയത്.
കൃഷ്ണഭട്ട് ആര്‍എസ്എസ് പരിപാടിയില്‍ സജീവമായി പങ്കെടുത്തതോടെ ബദിയടുക്ക പഞ്ചായത്തില്‍ ലീഗ് നല്‍കുന്ന പിന്തുണ പിന്‍വലിക്കുകയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്യാന്‍ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചതായി അറിയുന്നു. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ അവശേഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ സംഘപരിവാരത്തോട് അടുപ്പിക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം ശ്രമിക്കുന്നത്. ഇവര്‍ വിരിച്ചവലയില്‍ ചില നേതാക്കള്‍ അകപ്പെട്ടതോടെ അതിര്‍ത്തി മേഖലയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞുവരികയാണ്.
Next Story

RELATED STORIES

Share it