ആരോഗ്യപ്രവര്‍ത്തകരില്‍ ക്ഷയരോഗം വര്‍ധിക്കുന്നതായി പഠനം

സമദ്  പാമ്പുരുത്തി
കണ്ണൂര്‍: കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണെന്ന ഐഎംഎ പഠനത്തിനു പിന്നാലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ ക്ഷയരോഗം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കേരളത്തിനു വെൡയില്‍ ജോലിചെയ്യുന്ന നിരവധി ആരോഗ്യപ്രവര്‍ത്തകരില്‍ ഇതിനകം ക്ഷയരോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിരവധി മലയാളി നഴ്‌സുമാരാണ് ജോലിചെയ്യുന്നത്. ശുചിത്വനിലവാരം കുറഞ്ഞ ഇതരസംസ്ഥാനങ്ങളിലെ പ്രതികൂല സാഹചര്യത്തില്‍ രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെയും പരിചരിക്കുന്ന നഴ്‌സുമാരുടെയും ദുരിതം ചില്ലറയല്ല. കേരളത്തെ അപേക്ഷിച്ച് ക്ഷയരോഗികളുടെ എണ്ണം കൂടുതലാണ് ഇവിടങ്ങളില്‍. ഗ്രാമീണമേഖലയിലടക്കം കുറ്റമറ്റ പരിശോധനാ സംവിധാനങ്ങളുടെ അഭാവം വേറെയും. ക്ഷയരോഗി ചുമച്ചു തുപ്പുമ്പോ ള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രോഗാണു എളുപ്പം മറ്റുള്ളവരിലേക്കു പകരും. ഇതാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നത്. രോഗകാരണമായ അണുവിനെ 100 വര്‍ഷത്തിനപ്പുറം തന്നെ കണ്ടെത്താനായിട്ടും 50ലേെറ വര്‍ഷമായി ഫലപ്രദമായ മരുന്നുകള്‍ നിലവിലുണ്ടായിട്ടും ഇന്നും ക്ഷയരോഗം നിയന്ത്രണവിധേയമാക്കാനായിട്ടില്ല.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന പകര്‍ച്ചവ്യാധിയും ക്ഷയം തന്നെ. ഓരോ രോഗിയും വായുവിലൂടെ രോഗാണു പകര്‍ത്തുന്നതിലൂടെ പ്രതിദിനം 10 മുതല്‍ 15 വരെ പുതിയ ക്ഷയരോഗികളെ സൃഷ്ടിക്കുന്നു. ആഗോളതലത്തില്‍ പുതുതായി ഉണ്ടാവുന്ന ഒരുകോടി നാലുലക്ഷം ക്ഷയരോഗികളില്‍ നാലിലൊന്നും ഇന്ത്യയിലാണ്.
രാജ്യത്ത് പ്രതിവര്‍ഷം 28,40,000 പേര്‍ പുതുതായി രോഗബാധിതരാവുമ്പോള്‍ പ്രതിദിനം 1400 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തിനു കീഴടങ്ങുന്നു. എന്നാല്‍, ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനു തന്നെ മാതൃകയാണു കേരളം. ക്ഷയരോഗികള്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ. സംസ്ഥാനത്ത് ക്ഷയബാധിതരുടെ എണ്ണം വര്‍ഷംതോറും നാലുശതമാനം എന്ന നിരക്കില്‍ കുറയുന്നതായി രേഖകള്‍ പറയുന്നു.
കുട്ടികളിലെ ക്ഷയം പ്രതിവര്‍ഷം ഏഴുശതമാനം എന്ന നിരക്കിലും കുറയുന്നുണ്ട്. 2009ല്‍ സംസ്ഥാനത്ത് 27,500 പേര്‍ക്ക് പ്രതിരോധ ചികില്‍സ ലഭ്യമാക്കിയപ്പോള്‍ 2017ല്‍ അത് 20,409 ആയി കുറഞ്ഞു. കൃത്യമായി ആരോഗ്യം പരിപാലിക്കുന്നവരില്‍ 90 ശതമാനം പേരും ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ട്. ക്ഷയരോഗികളായ കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളത്. കുറവ് ഇടുക്കിയിലും.
Next Story

RELATED STORIES

Share it