malappuram local

ആയുര്‍വേദ നഗരിക്ക് പുത്തനുണര്‍വേകി എസ്ഡിടിയു മെയ്ദിന റാലി



കോട്ടക്കല്‍: തിമിര്‍ത്തുപെയ്ത വേനല്‍മഴയ്ക്കു പിന്നാലെ അവകാശപോരാട്ടത്തിന് പുത്തന്‍വീഥികള്‍ തീര്‍ത്തെത്തിയ തൊഴിലാളി റാലി ആയുര്‍വേദ നഗരിക്ക് പുത്തനുണര്‍വേകി. സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) സംഘടിപ്പിച്ച മെയ്ദിന റാലിയാണ് തൊഴിലാളികളെ ചൂഷണം ചെയ്ത് കൊഴുത്തുവളരുന്ന സാമ്പ്രദായിക തൊഴിലാളി യൂനിയനുകള്‍ക്ക് താക്കീതായത്. റാലിയുടെ ഒരുക്കങ്ങള്‍ക്കിടെ തിമിര്‍ത്തുപെയ്ത വേനല്‍മഴ അന്തരീക്ഷത്തിലെ താപമകറ്റിയതോടെ വിപ്ലവചിന്തകള്‍ക്ക് ചൂടുപിടിച്ച തൊഴിലാളികളുടെ അവകാശപ്രഖ്യാപനറാലി ചിക്കാഗോയിലെ തെരുവീഥികളില്‍ ബലിപുഷ്പങ്ങളായ മുന്‍ഗാമികളുടെ പോരാട്ടവീര്യം നെഞ്ചേറ്റുന്നതായിരുന്നു. ശബ്ദംനഷ്ടപ്പെട്ട തൊഴിലാളി സംഘടനകള്‍ അവകാശങ്ങള്‍ അറിയട വച്ച് അണികളെ ഒറ്റുകൊടുക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ തൊഴിലാളി വിരുദ്ധചേരിക്കെതിരെയുള്ള ഐക്യപ്പെടലാണ്് പരിഹാരമെന്ന വിളംബരം കൂടിയായിരുന്നു മെയ്ദിനറാലി. വിവിധ നികുതികളും ഇന്‍ഷൂറന്‍സും പോലിസ് പെറ്റിയും നിത്യേനയുള്ള ഇന്ധനവിലവര്‍ധനവും കടുത്ത പ്രതിസന്ധിയിലാക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്ത് ഇല്ലാതാക്കുന്നതിന് പകരം, പോരാട്ടവീര്യം പകര്‍ന്ന് നിലനില്‍പ്പിന് വഴിയൊരുക്കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ള തൊഴിലാളി പ്രതിനിധികളാണ് റാലില്‍ പങ്കെടുത്തത്. കണ്ണൂര്‍ ഐക്കര കടപ്പുറത്തുനിന്ന് പ്രത്യേകം യൂനിഫോം ധരിച്ചെത്തിയ മല്‍സ്യത്തൊഴിലാളികള്‍ റാലിക്ക് മാറ്റുകൂട്ടി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ വൈകീട്ട് അഞ്ചിന് ചങ്കുവെട്ടിയില്‍ നിന്നാരംഭിച്ച റാലി അഞ്ചരയോടെയാണ് സമ്മേളന നഗരിയായ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചത്.
Next Story

RELATED STORIES

Share it