അസമിലെ ഗൂര്‍ഖാ വിഭാഗക്കാരെ വിദേശികളായി കണക്കാക്കരുത്‌

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഗൂര്‍ഖാ വിഭാഗക്കാരെ കുടിയേറ്റ തടവുകേന്ദ്രങ്ങളിലേക്കു മാറ്റരുതെന്നും അവരുമായി ബന്ധപ്പെട്ട കേസുകള്‍ വിദേശികള്‍ക്കായുള്ള തര്‍ക്കപരിഹാര കോടതികളില്‍ പരിഗണിക്കരുതെന്നും അസം സര്‍ക്കാരിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
അസമിലെ 12 ലക്ഷം ഗൂര്‍ഖാ വിഭാഗക്കാരില്‍ ഒരു ലക്ഷത്തോളം ആളുകളുടെ പേരുകള്‍ പുതുക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇവരുടെ പേരുകള്‍ 1950ലെ ഇന്ത്യ, നേപ്പാള്‍ കരാറിനു വിരുദ്ധമായാണ് വോട്ടര്‍പ്പട്ടികയിലുള്‍പ്പെടുത്തിയതെന്നു കാണിച്ച് ഗൂര്‍ഖാ വിഭാഗക്കാരായ ചിലരെ ഫോറിനേഴ്‌സ് ട്രൈബ്യൂണലിലേക്ക് അയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്ന സമയത്ത് ഇന്ത്യന്‍ പൗരന്‍മാരായവരാണ് അവരെന്നു ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം അവര്‍ക്ക് രാജ്യത്തെ പൗരത്വം ലഭിച്ചതായും അതിനാല്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഗൂര്‍ഖാ വിദ്യാര്‍ഥി സംഘടനയായ ഓള്‍ അസം ഗൂര്‍ഖാ സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രതിനിധികള്‍ നേരത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിറകെയാണ് അസം സര്‍ക്കാരിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
നേപ്പാളില്‍ നിന്നുള്ള നേപ്പാള്‍ ദേശീയത പുലര്‍ത്തുന്ന ഗൂര്‍ഖകളെ പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് ഇന്ത്യയിലേക്കു കുടിയേറിയതെങ്കില്‍ പോലും അനധികൃത കുടിയേറ്റക്കാരായി കാണാന്‍ പറ്റില്ലെന്നു മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതിനായി തിരിച്ചറിയല്‍ രേഖകള്‍ അവരുടെ പക്കലുണ്ടാവണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നേപ്പാള്‍ പാസ്‌പോര്‍ട്ട്, നേപ്പാള്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ്, നേപ്പാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കുന്ന വോട്ടര്‍ ഐഡി അടക്കമുള്ള രേഖകളാണു മന്ത്രാലയം ഇതിനായി ശുപാര്‍ശ ചെയ്യുന്നത്. 1985ലെ പൗരത്വ നിയമ ഭേദഗതിക്ക് തൊട്ടുമുമ്പായി ബംഗ്ലാദേശ് അടക്കമുള്ള പ്രത്യേക മേഖലകളില്‍ നിന്ന് അസമിലേക്ക് കുടയേറിയവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്നും അവരെ ഫോറിനേഴ്‌സ് ട്രൈബ്യൂണലിലേക്ക് പറഞ്ഞയക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it