അമ്മയിലെ പൊട്ടിത്തെറി; സംഘടനയിലെ ചേരിതിരിവ് പരിഹരിക്കാന്‍ തീവ്രശ്രമം

കൊച്ചി: മലയാള സിനിമയിലെ ഒരു വിഭാഗം നടിമാര്‍ ചേര്‍ന്നു രൂപീകരിച്ച വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ താരസംഘടനയായ “അമ്മ’യില്‍ രൂക്ഷമായ ഭിന്നത പരിഹരിക്കാന്‍ ഭാരവാഹികള്‍ തീവ്രശ്രമം ആരംഭിച്ചു.
അമ്മയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഡബ്ല്യുസിസി മുന്നോട്ടുവച്ചിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിനു മുമ്പായി അമ്മയിലെ നിലവില്‍ ഭാരവാഹികളില്‍ അടക്കം രൂപപ്പെട്ടിരിക്കുന്ന ഭിന്നത പരിഹരിക്കാനാണു നേതൃത്വത്തിന്റെ ആദ്യ ശ്രമം. ഈ മാസം 19നോ, 20നോ ചേരുന്ന അനൗദ്യോഗിക യോഗം സംഘടനയിലെ തര്‍ക്കം പരിഹരിക്കാനാകും ആദ്യം ശ്രമിക്കുകയെന്നാണ് വിവരം. ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങള്‍ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നും അവരുമായി ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമാണു് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെന്നതടക്കമുള്ള നിലപാടിലുറച്ചു നില്‍ക്കുകയാണ് നടന്‍ ജഗദീഷ്.
താന്‍ പറഞ്ഞതാണു സംഘടനയുടെ അഭിപ്രായമെന്നും വാര്‍ത്താക്കുറിപ്പ് ഇറക്കിയത് പ്രസിഡന്റ് മോഹന്‍ലാലുമായി സംസാരിച്ച ശേഷമാണെന്നും ജഗദീഷ് പറയുന്നു. രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടാണു പ്രസിഡന്റ് മോഹന്‍ലാലിനും ഉള്ളതെന്നാണു വിവരം. രാജി വച്ച് പോയവര്‍ സംഘടനയ്ക്ക് പുറത്തുതന്നെയാണെന്നും അവരെ സംഘടന തിരിച്ചുവിളിക്കില്ലെന്നുമാണു സെക്രട്ടറി സിദ്ദീഖ് കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. ഈ നിലപാടിനോട് മോഹന്‍ലാലിന് താല്‍പര്യമില്ലെന്നും അറിയുന്നു. സിദ്ദീഖിന്റെ എടുത്തുചാടിയുള്ള വാര്‍ത്താ സമ്മേളനം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയെന്ന നിലപാടുള്ള നിരവധി അംഗങ്ങളുണ്ട്.
വ്യക്തിപരമായ അഭിപ്രായം സംഘടനയുടെ അഭിപ്രായമായി സിദ്ദീഖ് പറയാന്‍ പാടില്ലായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അതൃപ്തനാണെന്നും സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും സൂചനയുണ്ട്. അതുകൊണ്ടു തന്നെ സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവുക എന്നതിനാണു ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവരുടെ മുന്‍ഗണന. ഇതിനായി ഈ മാസം 19ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാന്‍ ആലോചിച്ചെങ്കിലും അതുണ്ടാവില്ലെന്നാണു ലഭിക്കുന്ന വിവരം.
എക്‌സിക്യൂട്ടീവിലുള്ള 17 അംഗങ്ങളില്‍ 10 പേര്‍ ചിത്രീകരണ സ്ഥലങ്ങളിലായതിനാല്‍ ഇവര്‍ക്ക് യോഗത്തിന് എത്താന്‍ കഴിയില്ലത്രെ. എന്നാല്‍, മോഹന്‍ലാല്‍ വിദേശത്തേക്കു പോവുന്നതിനാല്‍, 19ന് എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍ അനൗദ്യോഗികമായി കൊച്ചിയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും. ചിലപ്പോള്‍ ഒരു പക്ഷേ 20നാകും യോഗം ചേരുകയെന്നും വിവരമുണ്ട്്
ഇപ്പോള്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ജഗദീഷിനെയും സിദ്ദീഖിനെയും ഒരുമിച്ചിരുത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് ശ്രമം. അതേസമയം ഒരുമിച്ചിരുന്നു ചായ കുടിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേ സംഘടനയ്ക്കുള്ളില്‍ ഉള്ളൂ എന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
അംഗങ്ങള്‍ തമ്മിലെ ആശയ വിനിമയത്തിലുണ്ടായ പോരായ്മയാണു വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കു വഴിതെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it