അമിത ഫീസ് ഈടാക്കുന്നത് അഭിഭാഷകര്‍ നിയന്ത്രിക്കണം: വി എസ്

കൊച്ചി: കേസിന് അമിത ഫീസ് ഈടാക്കുന്നത് സ്വയം നിയന്ത്രിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണമെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ അമിത ഫീസ് ഈടാക്കുന്നത് തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്നാണ് സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍, നിയമനിര്‍മാണത്തിന് കാത്തുനില്‍ക്കാതെ അഭിഭാഷകര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കുവേണ്ടി ഹാജരാവാന്‍ സുപ്രിംകോടതിയിലെ അഭിഭാഷകനെ സമീപിച്ചപ്പോള്‍ 60 ലക്ഷം രൂപയാണ് ഫീസ് ആവശ്യപ്പെട്ടത്. മറ്റു ചെലവുകള്‍ക്കായി 22 ലക്ഷവും ആവശ്യപ്പെട്ടു. അഭിഭാഷകരുടെ ഇത്തരം പാക്കേജുകള്‍ അവസാനിപ്പിക്കണം. അപകട ഇന്‍ഷുറന്‍സും മറ്റുമായി കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍പോലും കൈയിട്ടുവാരുന്നു. അഭിഭാഷകരുടെ പേരും പെരുമയും നോക്കി കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതും ശരിയല്ല. നിയമപുസ്തകത്തിലെ ചത്ത അക്ഷരങ്ങളിലല്ല, സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളിലാണ് നിയമത്തിന്റെ സത്ത തെളിയേണ്ടതെന്നും വി എസ് പറഞ്ഞു. മനുഷ്യനോടും അവന്റെ ജീവിതപ്രശ്‌നങ്ങളോടും എന്നും ഒട്ടിനിന്ന മനുഷ്യനാണ് വി ആര്‍ കൃഷ്ണയ്യര്‍. കൃഷ്ണയ്യര്‍ക്ക് പകരക്കാരനായി മറ്റൊരാളെ ചിന്തിക്കാന്‍ മലയാളിക്ക് കഴിയില്ല. കേരളത്തിന്റെ നീതിബോധത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം നാലു പതിറ്റാണ്ട് അദ്ദേഹം സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുനിന്നുവെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയിലേക്ക് മനുഷ്യത്വം കൊണ്ടുവന്ന ന്യായാധിപനാണ് കൃഷ്ണയ്യരെന്നു ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മാതൃകാ മന്ത്രിയും മാതൃകാ ന്യായാധിപനുമായിരുന്നു അദ്ദേഹം. ഇന്നു നിയമനിര്‍മാണ സഭകളില്‍ മികച്ച വാദപ്രതിവാദങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. സഭാസ്തംഭനങ്ങള്‍ കൂടിവരുന്നു. മിടുക്കരായ ജനപ്രതിനിധികള്‍ക്ക് പോലും കഴിവ് പ്രകടിപ്പിക്കാന്‍ കഴിയാതെ വരുകയാണെന്നും സുധീരന്‍ പറഞ്ഞു. പ്രഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൃഷ്ണയ്യര്‍ മൂവ്‌മെന്റും കേരള സ്‌റ്റേറ്റ് ഹിന്ദി പ്രചാരക് സമിതിയും ചേര്‍ന്നാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. കൃഷ്ണയ്യരുടെ ഏറ്റവും വലിയ അഭിലാഷമായിരുന്ന കൊച്ചി കാന്‍സര്‍ സെന്ററിന് അദ്ദേഹത്തിന്റെ പേരു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കൃഷ്ണയ്യര്‍ പുരസ്‌കാരം ഡോ. കെ വനജ, ഡോ. റിം ഷംസുദ്ദീന്‍, ഒളിംപ്യന്‍ ജോബി മാത്യു എന്നിവര്‍ക്ക് വി എസ് അച്യുതാനന്ദനും പ്രഫ. എം കെ സാനുവും ചേര്‍ ന്നു വിതരണം ചെയ്തു. കെ ആര്‍ വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം, ഡോ. സനല്‍കുമാര്‍, കെ എം നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it