അഭിപ്രായ പ്രകടനം: ജീവനക്കാര്‍ മൗനം പാലിക്കണമെന്ന് പ്രതീക്ഷിക്കരുത്; ഹൈക്കോടതി

കൊച്ചി: സ്ഥാപനങ്ങളുടെ പൊതുതാല്‍പര്യം പരിഗണിക്കുമ്പോള്‍ അഭിപ്രായ പ്രകടനത്തിനു പരിമിതികളുണ്ടെങ്കിലും ജീവനക്കാര്‍ മൗനം പാലിക്കണമെന്ന് സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കരുതെന്നു ഹൈക്കോടതി. പൊതുതാല്‍പര്യത്തിന് ഹാനികരമാവാത്ത വിധം അഭിപ്രായം പറയാന്‍ ജീവനക്കാരന് സ്വാതന്ത്ര്യമുണ്ടെന്നു സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണു ജനാധിപത്യത്തിന്റെ അടിസ്ഥാനശില. ജനാധിപത്യ മൂല്യങ്ങളെ എത്രയേറെ പരിഗണിക്കുന്നുണ്ടെന്നതിനെ ആശ്രയിച്ചാണ് ഒരു പൊതുസ്ഥാപനം നിലനില്‍ക്കുക. ജീവനക്കാരനെന്ന നിലയില്‍ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സ്ഥാനം സ്ഥാപനത്തിന്റെ കൂട്ടായ താല്‍പര്യത്തിന്റെ പരിധിക്കകത്ത് തന്നെയാണെന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത മഹാത്മാഗാന്ധി സര്‍വകലാശാല ഉ—ദ്യോഗസ്ഥനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവില്‍ സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. സര്‍വകലാശാലയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ പോസ്റ്റ് ഇട്ടെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് എ പി അനില്‍കുമാറാണു നടപടിക്കെതിരേ കോടതിയെ സമീപിച്ചത്.
എം ജി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു ഹരജിക്കാരനെ 2018 ജൂണ്‍ അഞ്ചിന് പുറത്താക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണു നടപടിയെന്ന് ഹരജിയില്‍ പറയുന്നു. ആക്ഷേപഹാസ്യ രൂപത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിലൂടെ സര്‍വകലാശാലയെയും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരെയും അവഹേളിച്ചുവെന്നാണ് ആരോപണം. സാമൂഹിക മാധ്യമത്തിലെ പോസ്റ്റില്‍ ഏതെങ്കിലും സ്ഥാപനത്തിെന്റയോ, വ്യക്തിയുടെയോ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരന്റെ പോസ്റ്റ് ആരെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കാന്‍ അന്വേഷണം വേണ്ടിവരുമെന്നു കോടതി ചൂണ്ടിക്കാട്ടി. സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് എതിരേയാവാം ഹരജിക്കാരന്റെ പ്രതികരണം. എന്നാല്‍, സര്‍വകലാശാലയ്ക്കും ഉ—ദ്യോഗസ്ഥര്‍ക്കുമെതിരേയാണെന്നാണ് സര്‍വകലാശാല സംശയിച്ചത്. ഹരജി പരിഗണിച്ച കോടതി സസ്‌പെന്‍ഷന്‍ തുടരണോ എന്ന് തീരുമാനിക്കാന്‍ സപ്തംബര്‍ 14ന് കോടതി സര്‍വകലാശാലയോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, സസ്‌പെന്‍ഷന്‍ തുടരാനായിരുന്നു തീരുമാനം. നടപടിക്കെതിരേ ഹരജിക്കാരന്‍ സിന്‍ഡിക്കേറ്റിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും അതിനാല്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്നും സര്‍വകലാശാല വാദിച്ചു. എന്നാല്‍, 60 ദിവസത്തിലേറെയായി ഹരജിക്കാരന്‍ സസ്‌പെന്‍ഷനിലാണെന്നും സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍ ഇടപെടാന്‍ ഹരജിക്കാരനാകില്ലെന്നും അന്വേഷണത്തെ ബാധിക്കില്ലെന്നും വിലയിരുത്തിയ കോടതി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it