Alappuzha local

അനശ്വരയുടെ വീട്ടിലേക്ക് സഹായപ്രവാഹം



ഹരിപ്പാട്: കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടില്‍ മനംമടുത്ത് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത അനശ്വരയുടെ വീട്ടിലേക്ക് സഹായപ്രവാഹം. നിര്‍ദ്ധന കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ടുവരികയാണ്.
വീയപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അനശ്വരയെ (16) കഴിഞ്ഞ ദിവസമാണു സ്‌കൂളില്‍നിന്നു വീട്ടിലേക്കുള്ള വഴിയിലെ പായിപ്പാട് ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിനു സ്‌കൂളിലെ മോഡല്‍ പരീക്ഷയും എക്‌സ്ട്രാ ക്ലാസും കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെയാണ് അനശ്വര ആത്മഹത്യ ചെയ്തത്. ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ചെറുതന ആയാപറമ്പ് പുതുമനയിലെ വാടകവീട്ടിലേക്കു കൊണ്ടുപോവാന്‍ നിവൃത്തിയില്ലായിരുന്നു. തുടര്‍ന്ന് സിപിഎമ്മിന്റെ ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ വളപ്പില്‍ അനശ്വരയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
അനശ്വരയുടെ അച്ഛന്‍ ബൈജു ഓട്ടോറിക്ഷാ െ്രെഡവറാണ്. ബൈജുവും അമ്മ ശ്രീലതകുമാരിയും ഹൃദ്രോഗികളാണ്. രണ്ടു സഹോദരന്മാരില്‍ ഒരാള്‍ വൃക്കരോഗത്തിനു ചികിത്സയിലാണ്. ബൈജുവിന്റെ അമ്മയുടെ അര്‍ബുദരോഗ ചികിത്സയ്ക്കാണ് ഉണ്ടായിരുന്ന വീടും പുരയിടവും വിറ്റതെന്നു ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ച ക്ലാസ് കഴിയുന്നതുവരെ അനശ്വര സന്തോഷവതിയായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. സുഹൃത്തുക്കള്‍ ബസ്സില്‍ മടങ്ങിയപ്പോള്‍ താന്‍ നടന്നു പൊയ്‌ക്കൊള്ളാമെന്നു പറഞ്ഞ് അനശ്വര ഒറ്റയ്ക്കു വീട്ടിലേക്കു നടക്കുകയായിരുന്നു. അത് അവസാന യാത്രയായിരുന്നുവെന്നു വിശ്വസിക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ക്കുപോലുമാവുന്നില്ല.
പഠനത്തിലും പെരുമാറ്റത്തിലും മികവും സൗമ്യതയും പുലര്‍ത്തിയിരുന്ന അനശ്വര നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് വിടപറഞ്ഞതെന്ന് കൂട്ടുകാരികള്‍ പറഞ്ഞു.  മുഖ്യമന്ത്രി കലക്ടര്‍ക്കു നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നു തഹസില്‍ദാര്‍ പി മുരളീധരക്കുറുപ്പ് ബൈജുവിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
Next Story

RELATED STORIES

Share it