malappuram local

അനധികൃത പാര്‍ക്കിങിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം

തിരൂരങ്ങാടി: അനധികൃത പാ ര്‍ക്കിങ്ങിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പോലിസ് വകുപ്പിനും റോഡരികിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിന് പൊതുമരാമത്ത്, മുനിസിപ്പാലിറ്റി വകുപ്പ് പ്രതിനിധികള്‍ക്കും താലൂക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ചെമ്മാട്  ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒമ്പതിന് ചേരുന്ന ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയില്‍ തീരുമാനമുണ്ടാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ലഹരി മരുന്ന് വില്‍പന തടയുന്നതിന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളിലും പരിശോധന നടത്തുന്നതിന് എക്‌സൈസ് വകുപ്പ് പ്രതിനിധികളോട് യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ കഞ്ചാവ് കടത്തുവാഹകരായി ഉപയോഗിക്കുന്നതിനെതിരേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിന് എഇഒ ഓഫിസുകളിലേയ്ക്ക് കത്തയയ്്ക്കും. നിസാരമായ സാങ്കേതിക കാരണങ്ങളാല്‍ തടസം സൃഷ്ടിക്കാതെ ഇരുമ്പോത്തിങ്ങല്‍ റെഗുലേറ്റര്‍ കംബ്രിഡ്ജ് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
തിരൂരങ്ങാടി താലൂക്കിലെ വിവിധ വില്ലേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെടും. മലപ്പുറം ജില്ലയ്്ക്കായി അനുവദിച്ചുകിട്ടിയ പുതിയ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയിലെ അപാകതകള്‍ സംബന്ധിച്ച് ജില്ലാ വികസന സമിതിയില്‍ ഉന്നയിക്കുന്നതിനും തിരുരങ്ങാടി താലൂക്കിലെ ചരിത്രസ്മാരകങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.
ഡിഇഒ ഓഫിസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കാറില്ലന്നും എഇഒ, ഡിഇഒ ഓഫിസുകള്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ രാഷ്ട്രീയ പ്രതിനിധികളെ അവഗണിക്കുന്നതായും യോഗം പരാമര്‍ശിച്ചു. യോഗത്തില്‍ നഗരസഭാ ഉപാധ്യക്ഷന്‍ എം അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ പി ഷാജു, കെ പി കെ തങ്ങള്‍, എം മുഹമ്മദ് കുട്ടി മുന്‍ഷി, വി പി കുഞ്ഞാമു, എന്‍ജിനീയര്‍ ടി മൊയ്തീന്‍കുട്ടി, ഇ സൈതലവി, കെ പി വാസുദേവന്‍, കൂത്തിരേഴി വിശ്വനാഥന്‍, ബക്കര്‍ ചെര്‍ണൂര്‍, കെ വി ഗോപി, വിവിധ വകുപ്പുതല പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it