ernakulam local

അനധികൃത കുടിവെള്ളമൂറ്റുകേന്ദ്രം: പ്രതിഷേധം കനത്തപ്പോള്‍ സ്റ്റോപ്പ്് മെമ്മോ

ആലുവ: അനധികൃതമായി കുടിവെള്ളമൂറ്റുന്നതിന് മാസങ്ങളോളം ഒത്താശ നല്‍കിയ പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോള്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി.
കുടിവെള്ളം ശേഖരിക്കാനെത്തിയ ടാങ്കര്‍ ലോറിയുടെ ചില്ല് നാട്ടുകാര്‍ എറിഞ്ഞുടച്ചതിനെ തുടര്‍ന്നാണ് കീഴ്മാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കല്‍ പ്രവര്‍ത്തിക്കുന്ന വെള്ളമൂറ്റ് കേന്ദ്രത്തിന് ഒടുവില്‍ പഞ്ചായത്ത് സെക്രട്ടറി സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ലോറി പോലിസ് കസ്റ്റഡിയിലെടുത്തു.
ചാലക്കല്‍ ചെറോടത്ത് ഹംസ, സഹദ്, തോപ്പില്‍ ഫൈസല്‍ എന്നിവര്‍ പെരിയാര്‍ തീരം കൈയേറിയാണ് കുടിവെള്ളമൂറ്റുന്നതിന് സൗകര്യമൊരുക്കിയതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൈയേറ്റ ഭൂമിയില്‍ ഹംസയെന്നയാള്‍ ഏഴ് കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് ശുദ്ധീകരണ സംവിധാനങ്ങളില്ലാതെ ടാങ്കറുകളിലേക്ക് വെള്ളം നിറച്ച് വിറ്റിരുന്നത്. 35,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള 80 ഓളം ടോറസുകളാണ് ദിനംപ്രതി ഇവിടെ നിന്നും വെള്ളം കടത്തുന്നത്. പരിസരത്തെ കിണറുകളില്‍ ജലലഭ്യത കുറഞ്ഞതോടെ നാട്ടുകാര്‍ പരാതിയുമായെത്തി. നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള മുന്‍ പഞ്ചായത്ത് ഭരണസമിതി പൂട്ടിച്ച സ്ഥാപനമാണ് എല്‍ഡിഎഫ് ഭരണമാരംഭിച്ച ശേഷം പുനരാരംഭിച്ചത്. ശുദ്ധജല ലഭ്യതയില്ലാത്ത സ്ഥലത്തേക്ക് വെള്ളം കൊണ്ടുപോവുന്നത് തടസ്സപ്പെടുത്തുന്നതിരേയുള്ള ജില്ലാ കലക്ടറുടെ ഇടക്കാല ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കുടിവെള്ളം കടത്തിയിരുന്നത്. 2017 ഫെബ്രുവരി 10ലെ ഉത്തരവ് ദുര്‍വിനിയോഗം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 15ന് കലക്ടര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത് ഗൗനിക്കാതെയായിരുന്നു കുടിവെള്ളമൂറ്റല്‍. സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും കുടിവെള്ള മാഫിയക്ക് ഒത്താശ ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു.
സിപിഎം പ്രവര്‍ത്തകനായ ചാലക്കല്‍ വേലംകുടി നാസറിന്റെ നേതൃത്വത്തില്‍ ഭീമഹര്‍ജി തയ്യാറാക്കി പഞ്ചായത്തിന് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. നിങ്ങള്‍ വേണമെങ്കില്‍ പോലിസിനെ ഉപയോഗിച്ച് തടയാനായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്.
രേഖാമൂലം നല്‍കിയ പരാതി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് കൈമാറാതെ ചില ഉദ്യോഗസ്ഥര്‍ പൂഴ്ത്തുകയും ചെയ്തു. ഇതിനിടയില്‍ ലോറിയുടെ ചില്ല് ഉടച്ചതോടെയാണ് പരാതി ലഭിച്ചിരുന്ന വിവരം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ അറിയുന്നത്. തുടര്‍ന്നാണ് സ്‌റ്റോപ്പ് മെമ്മോയും നല്‍കിയത്. ഇതിനിടെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം തടത്താന്‍ ആലുവ തഹസില്‍ദാരോട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it