Big stories

തുര്‍ക്കി- സിറിയ ഭൂകമ്പം: മരണം 7,800 കടന്നു; ആയിരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു (വീഡിയോ)

തുര്‍ക്കി- സിറിയ ഭൂകമ്പം: മരണം 7,800 കടന്നു; ആയിരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു (വീഡിയോ)
X

അങ്കാറ: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരണം 7,800 കടന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ആകെ മരണം 20,000 കടക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 25,000 പേര്‍ക്കു പരിക്കേറ്റു. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. ആറായിരത്തിലേറെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ദൗത്യം പുരോഗമിക്കുകയാണ്.

ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകള്‍ തകര്‍ന്നതിനാല്‍ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താന്‍ വൈകുന്നുണ്ട്. തുര്‍ക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകമ്പത്തിന്റെ കെടുതികള്‍ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതില്‍ 14 ലക്ഷം കുട്ടികളും ഉള്‍പ്പെടുന്നു. സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. നഷ്ടമാവുന്ന ഓരോ നിമിഷവും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുകയാണ്.

പല പ്രദേശങ്ങളില്‍ വൈദ്യുതിയും വെള്ളവും ഇല്ലാത്തതു ദുരിതം കൂട്ടി. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവര്‍ത്തകരാണ് ഭൂകമ്പം നാശം വിതച്ച മേഖലകളില്‍ ജീവന്റെ തുടിപ്പുകള്‍ തേടുന്നത്. കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും തുടര്‍ഭൂചലനങ്ങളും രക്ഷാദൗത്യം ഏറെ ദുഷ്‌കരമാക്കിയിരിക്കുകയാണ്. വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ഇരുനൂറോളം തുടര്‍ചലനങ്ങളാണുണ്ടായത്.

തുര്‍ക്കിയില്‍ മാത്രം 6000 കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തുര്‍ക്കി നഗരമായ ഗാസിയാന്‍ടെപ്പില്‍ ഷോപ്പിങ് മാളുകള്‍, സ്‌റ്റേഡിയങ്ങള്‍, മോസ്‌കുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ദുരന്തത്തിനിരയായവര്‍ അഭയം തേടിയിരിക്കുകയാണ്. സിറിയന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു തുര്‍ക്കി സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കകാലിക ടെന്റുകളും താല്‍ക്കാലിക ആശുപത്രികളും സൈന്യം ഒരുക്കി.

തുര്‍ക്കിയെ അപേക്ഷിച്ച് സിറിയയിലാണ് രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളികളുള്ളത്. സിറിയയില്‍ സര്‍ക്കാര്‍ അധീന മേഖലയിലും സായുധരുടെ നിയന്ത്രണത്തിലുമുള്ള പ്രദേശത്തും ഭൂകമ്പം ഒരുപോലെ നാശം വിതച്ചു. സായുധനിയന്ത്രണത്തിലുള്ള പ്രദേശത്തേക്കുള്ള റോഡുകള്‍, ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നതുമൂലം രക്ഷാദൗത്യം ദുഷ്‌കരമായി. മേഖലയില്‍ ആശുപത്രികള്‍ പരിമിതമാണ്. ഉള്ളവയെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ശക്തിയേറിയ ഭൂകമ്പമുണ്ടായി.

മധ്യതുര്‍ക്കിയിലെ ഗോള്‍ബാസി പട്ടണത്തിനടുത്തുണ്ടായ ഭൂകന്പം 5.5 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ പത്തു പ്രവിശ്യകളിലായി നാലായിരത്തിലേറെ പേര്‍ മരിച്ചെന്നാണു റിപോര്‍ട്ട്. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തിലേറെ പേരെ രക്ഷപ്പെടുത്തി. സിറിയയില്‍ ആയിരത്തിലധികം മരണം റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി അധികൃതരുടെ കണക്കുപ്രകാരം 3 ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടര്‍ചലനങ്ങളുമുണ്ടായി.

തുര്‍ക്കിയില്‍ 5775 കെട്ടിടങ്ങളാണു തകര്‍ന്നത്. ഇതില്‍ ചരിത്രപ്രാധാന്യമുള്ള പൗരാണികകെട്ടിടങ്ങളും ഉള്‍പ്പെടുന്നു. തുര്‍ക്കിയിലെ പ്രഭവകേന്ദ്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ സിറിയയിലെ ഹമയില്‍ വരെ കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലെ 10 പ്രവിശ്യകള്‍ ദുരിതബാധിതമായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 7.8 തീവ്രതയിലും ഉച്ചയ്ക്ക് 7.5 തീവ്രതയിലും ഉണ്ടായ ഭൂകന്പമാണു തുര്‍ക്കിയിലും സിറിയയിലും വന്‍ നാശം വിതച്ചത്.

Next Story

RELATED STORIES

Share it