സ്പീക്കര്‍ തിരഞ്ഞെടുപ്പ്: ചെന്നിത്തലയ്ക്ക് രാജഗോപാലിന്റെ പരിഹാസം

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്ത കോണ്‍ഗ്രസ്സുകാരനെ കണ്ടുപിടിച്ചിട്ട് തനിക്കെതിരേ ആരോപണമുന്നയിക്കാ ന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ പരിഹാസം.
പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് രാജഗോപാലിന്റെ മറുപടി. സിപിഎമ്മിന് വോട്ട് നല്‍കിയതോടെ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്നാണ് ചെന്നിത്തല ആരോപിച്ചത്. എന്നാല്‍, തന്നെ തിരുത്താന്‍ വരാതെ കൂടെനിന്നു കാലുവാരിയ ആളെ കണ്ടുപിടിക്കാനാണ് ചെന്നിത്തല ആദ്യം ശ്രമിക്കേണ്ടതെന്നാണ് രാജഗോപാല്‍ പറഞ്ഞത്. സിപിഎമ്മിന് വോട്ട് നല്‍കിയ അജ്ഞാതനായ ആളെ കണ്ടുപിടിച്ചില്ലെങ്കില്‍ യുഡിഎഫ് കരുതിയിരിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളോട് ബിജെപി സമദൂരമായ അകലം പാലിക്കുമെങ്കിലും അനാവശ്യ വിവാദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവംകൊണ്ട് മാത്രമാണ്. രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന് സ്പീക്കര്‍സ്ഥാനത്തിരിക്കാനുള്ള യോഗ്യതയുണ്ടെന്ന് ബോധ്യമുള്ളതിനാലാണ് വോട്ട് നല്‍കിയത്. മാത്രവുമല്ല, തന്റെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യനിലപാടാണ് ബിജെപിയെ ആക്രമിക്കുക എന്നുള്ളത്. എകെ ആന്റണി മുതലുള്ള എല്ലാ നേതാക്കളും അതു ചെയ്യുന്നുണ്ട്. തനിക്ക് കോണ്‍ഗ്രസ്സുകാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. നിയമസഭയില്‍ ഓരോ വിഷയത്തിന്റെ ഗുണവും ദോഷവും നോക്കി അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യും. ആരെയും ശത്രുവായി കാണുന്നില്ല. അധികാരം കിട്ടിയ മത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിട്ടത്.
അടിക്കടിയുണ്ടാവുന്ന ഇന്ധനവില വര്‍ധന ജനം സഹിക്കണമെന്ന് രാജഗോപാല്‍ മറുപടി നല്‍കി. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ സമരം ചെയ്താണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മൗനമായിരുന്നു പ്രതികരണം.
Next Story

RELATED STORIES

Share it