മാരകായുധങ്ങളുമായി ഏറ്റുമുട്ടല്‍; നഗരസഭാ കൗണ്‍സിലറും ഏഴ് വിദ്യാര്‍ഥികളും അറസ്റ്റില്‍

ചെങ്ങന്നൂര്‍: മാരകായുധങ്ങളുമായി ചെങ്ങന്നൂര്‍ നഗര മധ്യത്തില്‍ ആക്രമണം നടത്തിയ വാര്‍ഡ് കൗണ്‍സിലറേയും ഏഴ് വിദ്യാര്‍ഥികളെയും പോലിസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ നഗരസഭയിലെ 12ാം വാര്‍ഡ് കൗണ്‍സിലര്‍ എബി ചാക്കോ(34), പന്തളം കുടശ്ശനാട് അര്‍ച്ചന കോളജ് ഓഫ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ ജയിംസ് മാത്യു(21), മിഥുന്‍(21), റയ്‌സണ്‍ ചാണ്ടി കുര്യന്‍(22), എബിന്‍ മാത്യു(25), അജിത്ത് ഡെന്നീസ് ജോണ്‍(24), രാഹുല്‍ വി രാജീവ്(24), അനൂപ്(22) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍സൂക്ഷിച്ചിരുന്ന വാള്‍, കമ്പിവടികള്‍, കത്തി, സൈക്കിള്‍ പമ്പ്, സിലിണ്ടര്‍, സൈക്കിള്‍ ഹാന്‍ഡില്‍, ആക്‌സില്‍, ഡംബല്‍സ് തുടങ്ങിയവയും ഇവര്‍ സഞ്ചരിച്ച ജീപ്പും രണ്ട് ബൈക്കുകളും പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ ആഴ്ച അര്‍ച്ചന എഞ്ചിനീയറിങ് കോളജിലുണ്ടായ അടിപിടി പറഞ്ഞു തീര്‍ക്കുന്നതിനായി അജിത്ത് ഡെന്നീസ് ജോണ്‍, രാഹുല്‍ വി രാജീവ്, അനൂപ് എന്നിവരെ കേസിള്‍ ഉള്‍പ്പെട്ട മറ്റുള്ള വിദ്യാര്‍ഥികള്‍ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസിക്കു സമീപത്തേക്ക് വിളിച്ചുവരുത്തി.
കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ പ്രശ്‌നം പറഞ്ഞു തീര്‍ത്തു. തുടര്‍ന്ന് കൗണ്‍സിലര്‍ പോലിസിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കാം എന്നുപറഞ്ഞ് ചെങ്ങന്നൂര്‍ പോലിസിനെ വിവരമറിയിച്ചു. പോലിസ് എത്തുന്നതുകണ്ട് ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളോട് മറ്റ് വിദ്യാര്‍ഥികളെ ആക്രമിക്കുവാന്‍ കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. വാഹനങ്ങളിലും കൈയിലുമായി കരുതിയിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. ആയുധങ്ങളുമായി കലാപത്തിന് ശ്രമിക്കുകയും ഗതാഗതതടസ്സം വരുത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയത്.
Next Story

RELATED STORIES

Share it