ernakulam local

ഹിന്ദുത്വ വാദികളുടെ ഇന്ത്യ പാശ്ചാത്യരുടെ മസ്തിഷ്‌കത്തില്‍ രൂപം കൊണ്ടത്: കെ സച്ചിദാനന്ദന്‍



കാലടി: പാശ്ചാത്യ വിരുദ്ധരായും സാമ്രാജ്യത്വ വിരുദ്ധരായും സ്വയം പ്രഖ്യാപിക്കുന്ന ഹിന്ദുത്വ വാദികളുടെ ഇന്ത്യയെക്കുറിച്ചുള്ള വികല ചിന്തകള്‍, ആത്യന്തീകമായി പാശ്ചാത്യ ചിന്തകരുടെ മസ്തിഷ്‌കത്തില്‍ രൂപം കൊണ്ടതാണെന്നും അതിന് യഥാര്‍ത്ഥ ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലെന്നും കവിയും നിരൂപകനുമായ കെ സച്ചിദാനന്ദന്‍ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ ഹിന്ദുത്വവും ഭാരത സംസ്‌കാരവും എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.      ഇന്ത്യയുടെ ശക്തിയും സമൃദ്ധിയും സൗന്ദര്യവും എല്ലാം യഥാര്‍ത്ഥത്തില്‍ അതിന്റെ ആര്‍ക്കും മെരുക്കാനാവാത്ത മഹാവൈവിധ്യമാണ്.ഒട്ടേറെ വംശങ്ങളും ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും ഉള്‍ചേര്‍ന്ന് വലിയൊരു നാനാത്വത്തെയാണ് നാം ഇന്ത്യയെന്ന് വിവക്ഷിക്കുന്നത്. ഇതെല്ലാം തമസ്‌കരിച്ചു കൃത്രിമമായ ഇന്ത്യയെയും ഹിന്ദുമതത്തെയും സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ഇന്ത്യയിലെ എഴുത്തുകാരോടും ചിന്തകരോടും പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് നിര്‍ദേശിക്കുക വഴി ഏഷ്യയിലെ സാസ്‌കാരിക തലസ്ഥാനമായി പാക്കിസ്ഥാന്‍ മാറിയേക്കുമോ എന്ന് താന്‍ ഭയപ്പെടുന്നതായി അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.കാലടി എസ്എന്‍ഡിപി ലൈബ്രറിയില്‍ നടന്ന യോഗം അങ്കമാലി ടെല്‍ക് ചെയര്‍മാന്‍ എന്‍ സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി ഷാജി തൈക്കൂട്ടത്തില്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എംആര്‍ സുരേന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ ഡോ. അജയ് എസ് ശേഖര്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. ധര്‍മ്മരാജ് അടാട്ട്, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസിഭായ്, അങ്കമാലി വി ടി സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ കെ രവി, കാലടി ബുധസംഗമം സാംസ്‌കാരിക കൂട്ടായ്മ കണ്‍വീനര്‍ കാലടി എസ് മുരളീധരന്‍ സംസാരിച്ചു. കാലടി എസ്എന്‍ഡിപി ലൈബ്രറി ജോ. സെക്രട്ടറി വി എ രഞ്ജന്‍ കവി സച്ചിദാനന്ദനെ പൊന്നാടയണിയിച്ച് ആദരിച്ചു.
Next Story

RELATED STORIES

Share it