Flash News

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് : നിയമോപദേശം തേടും



തിരുവനന്തപുരം: സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. നാലു വാള്യങ്ങളിലായി 1073 പേജുള്ള റിപോര്‍ട്ട് സപ്തംബര്‍ 26നാണ് കമ്മീഷന്‍ സര്‍ക്കാരിനു കൈമാറിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു സോളാര്‍ ഇടപാട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെതിരേ  വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പ്രധാനമായും റിപോര്‍ട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഉണ്ടായിരുന്ന ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. സോളാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് ഇടപെട്ടു, അന്വേഷണം സരിതയിലും ബിജു രാധാകൃഷ്ണനിലും മാത്രം ഒതുങ്ങി, ഇരുവരും തട്ടിയ പണത്തെക്കുറിച്ച് അന്വേഷണം നടന്നില്ല,  ഇന്റലിജന്‍സ് എഡിജിപിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു എന്നതടക്കം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ളതാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാര്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മീഷന്‍ അന്വേഷിച്ചത്. ടീം സോളാര്‍ നടത്തിപ്പുകാരായ സരിത എസ് നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഒക്ടോബര്‍ 23നാണ് ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.
Next Story

RELATED STORIES

Share it