സിബിഎസ്ഇ പരീക്ഷാഫലം: തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 93.87 ശതമാനം വിജയത്തോടെ ചെന്നൈ രണ്ടാമതും 89 ശതമാനം വിജയത്തോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്. 83.01 ആണ് ഇത്തവണത്തെ ആകെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളില്‍ പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലെ എ വിജയ് ഗണേശ് ഒന്നാമതെത്തി. 500ല്‍ 492 മാര്‍ക്കാണ് വിജയ് നേടിയത്.
ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശി മേഘ്‌ന ശ്രീവാസ്തവയാണ് 500ല്‍ 499 മാര്‍ക്കുമായി രാജ്യത്ത് ഒന്നാമതെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനി തന്നെയായ അനൗഷ്‌ക ചന്ദ്ര 498 മാര്‍ക്കോടെ രണ്ടാമതെത്തി. രാജസ്ഥാന്‍ സ്വദേശിനിയായ ഛഹത് ബോധ്‌രാജ് 497 മാര്‍ക്കോടെ മൂന്നാംസ്ഥാനം നേടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി കസ്തൂരി ഷാഫി 496 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ നാലാമതും കേരളത്തില്‍ ഒന്നാമതുമെത്തി. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ ഉടയന്‍പറമ്പ് വീട്ടില്‍ ഷാഫിയുടെയും ഷീബയുടെയും മകളാണ് കസ്തൂരി ഷാഫി. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയാണ് കസ്തൂരി.  ഈ വര്‍ഷവും ആണ്‍കുട്ടികളെ പിന്തള്ളുന്ന പ്രകടനമാണ് പെണ്‍കുട്ടികള്‍ കാഴ്ചവച്ചത്. 88.31 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 78.09 ശതമാനമാണ് ആണ്‍കുട്ടികളുടേത്.
Next Story

RELATED STORIES

Share it