Flash News

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല: ദേശീയ നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് ദേശീയ നിയമ കമ്മീഷന്‍. ഒരു രാജ്യത്തെയൊ അല്ലെങ്കില്‍ അതിന്റെ ഒരു പ്രത്യേക കാഴ്ചപ്പാടിനെയോ എതിര്‍ക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ല. ഭരണകൂടത്തെ അക്രമാസക്തവും നിയമവിരുദ്ധവുമായ മാര്‍ഗത്തിലൂടെ പുറത്താക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മാത്രമേ രാജ്യദ്രോഹമായി പരിഗണിക്കാനാവൂയെന്നുമാണ് ഇതുസംബന്ധിച്ച് നിയമ കമ്മീഷന്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ പുനപ്പരിശോധിക്കണമെന്നും നിയമ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐപിസിയിലെ ഈ സെക്ഷന്‍ കൊണ്ടുവന്ന യുകെ 10 വര്‍ഷം മുമ്പ് രാജ്യദ്രോഹ നിയമം എടുത്തുമാറ്റിയെന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഇത്തരം കടുത്ത നിയമങ്ങള്‍ ഉപയോഗിക്കുന്നതിന് ഉദാഹരണമായി ഉദ്ധരിക്കുന്നതിന് വരെ ആ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ജനാധിപത്യത്തിന്റെ ഒരു പ്രധാന ചേരുവയാണ് സ്വതന്ത്രമായ അഭിപ്രായപ്രകടനവും ആവിഷ്‌കാര സ്വാതന്ത്ര്യവും, മൗലികാവകാശങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന ഭരണഘടനയുള്ള ഇന്ത്യ പോലൊരു മഹത്തായ ജനാധിപത്യ രാജ്യത്ത് ഇതിന് ഏറെ പ്രാധാന്യമുണ്ട്. ഗുണപരമായ വിമര്‍ശനങ്ങള്‍ക്ക് നേരെ രാജ്യം മുഖംതിരിച്ചാല്‍, സ്വാതന്ത്ര്യത്തിന് ശേഷവും മുമ്പുമുള്ള കാലങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഒരാള്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം ചരിത്രത്തെ വിമര്‍ശിക്കുന്നതിനും എതിര്‍ക്കുന്നതിനും അവകാശമുണ്ട്.
ഇവ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കീഴില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും കമ്മീഷന്‍ പറയുന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗപ്പെടുത്തരുതെന്നും കമ്മീഷന്‍ പറയുന്നു.



Next Story

RELATED STORIES

Share it