malappuram local

വള്ളിക്കുന്ന് ശുദ്ധജല വിതരണ പദ്ധതി: സര്‍വേ അന്തിമ ഘട്ടത്തില്‍

ചേളാരി:വള്ളിക്കുന്ന് മണ്ഡലത്തിലെ കുടി വെള്ള പ്രശ്‌നം പിരഹരിക്കുന്നതിനായി  ജലവിഭവ വകുപ്പിന്റെ ശുദ്ധ ജല വിതരണ സംവിധാനം സുഗമമാക്കുന്നതിന് 120 കോടിയുടെ പ്രവര്‍ത്തികള്‍ക്കുള്ള സര്‍വേ അന്തിമ ഘട്ടത്തില്‍.കഴിഞ്ഞ ആഴ്ച തുടങ്ങിയ സര്‍വേയാണ് അന്തിമ ഘട്ടത്തിലെത്തിയത്. നിലവില്‍ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍,ചേലേമ്പ്ര എന്നീ പഞ്ചായത്തുകള്‍ക്കാണ് വാട്ടര്‍ അതോറിറ്റിയുടെ കുടി വെള്ളപദ്ധതിയുടെ ഗുണം ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള ശുദ്ധജലവിതരണം വിപുലീകരിച്ച് മറ്റു പഞ്ചായത്തുകളില്‍ കൂടി വെള്ളം ലഭ്യമാക്കുന്നതിനായാണ് 120 കോടിയുടെ പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തുന്നത്. വള്ളിക്കുന്ന്, പെരുവള്ളുര്‍,പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി   വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധ ജല വിതരണം വിപുലീകരിക്കുന്നതിനും വിതരണം സുഖമമാക്കുലുമാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.നിലവില്‍ ചേളാരിയിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമുണ്ട്. 40 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ളശേഷിയാണ് ഇപ്പോള്‍ ചേളാരിയിലെ ശാലക്കുള്ളത്. നിലവിലുള്ള 4.5ലിറ്റര്‍ എംഎല്‍ഡിയെ 22 ലിറ്റര്‍ എംഎല്‍ഡിയാക്കി വര്‍ധിപ്പിക്കുന്നതോടെ മണ്ഡലത്തിലെ ആറ് പഞ്ചായത്തിലേക്കും ചേളാരിയിലെ ജല ശുദ്ധീകരണ ശാല ഉപയോഗപ്പെടുത്താനാവും. തേഞ്ഞിപ്പലം കോമരപ്പടിയിലെ കാരാളിപ്പറമ്പില്‍  വാട്ടര്‍ അതോറിറ്റിക്ക് വിട്ട് നല്‍കിയ സ്ഥലത്തും പറമ്പില്‍ പീടികയിലും  ജല സംഭരണി നിര്‍മിക്കലും പദ്ധതിയിലുള്‍പ്പെടും. പൈപ്പ് ലൈന്‍ നിലവിലുണ്ടായിട്ടും വെള്ളം ലഭ്യമാവാത്ത പ്രദേശങ്ങളില്‍ ഇതോടെ വെള്ളം ലഭ്യമാവാന്‍ പുതിയ ടാങ്ക് സഹായകരമാവും. പെരുവള്ളൂര്‍ വലക്കണ്ടിയില്‍ നിര്‍മിച്ച ജല സംഭരണി പൊളിച്ച് മാറ്റി ശേഷിയുള്ള പുതിയ ടാങ്ക് നിര്‍മിക്കുകയും ചെയ്യും.നിലവിലുള്ള എസി പൈപ്പുകള്‍ ഒഴിവാക്കി വ്യാസം കൂടുതലുള്ള ഡിഐ പൈപ്പുകളാക്കി മാറ്റുക, എല്ലാ ജല വിതരണ പൈപ്പുകളും പൂര്‍ണമായും മാറ്റി സ്ഥാപിക്കുക തുടങ്ങി നവീകരണ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നത്.സര്‍വേ റിപോര്‍ട്ട് കിട്ടുന്ന മുറക്ക് അടുത്ത ആഴ്ച തന്നെ സര്‍ക്കാരില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ അറിയിച്ചു.1.20 ലക്ഷം  ജന സംഖ്യയുള്ള വള്ളിക്കുന്ന് മണ്ഡലത്തില്‍120 കോടിയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ചെലവ് പ്രതീക്ഷിക്കുന്നത്.സര്‍ക്കാരിന്റെ 2018-19ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് മുഖ്യ മന്ത്രി,ജല വിഭവ വകുപ്പ് മന്ത്രി, ധന കാര്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് എംഎല്‍എ നിവേദനം നല്‍കിയിട്ടുണ്ട്.എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍വേ തുടങ്ങിയത്. മണ്ഡലത്തിലെ ശുദ്ധ ജല വിതരണം സുഗമമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്ത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മൂന്ന് തവണ എംഎല്‍എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ആശയ വിനിമയവുംനടത്തിയിരുന്നു.
Next Story

RELATED STORIES

Share it