palakkad local

യുവാവിന്റെ കൊലപാതകം; നാലുപേര്‍ അറസ്റ്റില്‍



ആലത്തൂര്‍: ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. നാലാംപ്രതി കാവശ്ശേരി മൂപ്പു പറമ്പ് സ്വദേശി വിഷ്ണു (20), പന്ത്രണ്ടാം പ്രതി മൂപ്പ് പറമ്പ് സ്വദേശി അരുണ്‍ (22), എട്ടാം പ്രതി മൂപ്പ്പറമ്പ് പുത്തന്‍വീട്ടില്‍ വിവേകാനന്ദന്‍ എന്ന വിവേക് (22), ഒമ്പതാം പ്രതി മൂപ്പ് പറമ്പ് സുനീഷ് (19) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഉത്രാട ദിനത്തില്‍ ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ടക്കുളം കോതപുരം കളരിയ്ക്കല്‍ വീട്ടില്‍ രാജന്റെ മകന്‍ ജിതിന്‍ (24) ആണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ ഇരട്ടക്കുളം സ്വദേശി രജ്ഞിത്തിന് (23) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്രാട ദിനത്തില്‍ ഇരട്ടക്കുളം കോതപുരം ബീക്കണ്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷ പരിപാടിയ്ക്കിടെ രാത്രി ഒമ്പതരയോടെയാണ് സംഘര്‍ഷമുണ്ടായത്. വൈകീട്ട് 4.30 നുണ്ടായ വാക്ക് തര്‍ക്കം രാത്രിയോടെ മൂര്‍ച്ഛിക്കുകയായിരുന്നു. ആളുമാറിയാണ് ജിതിന് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് ചികില്‍സയിയിലിരിക്കേ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.സംഭവത്തില്‍ ആദ്യം പത്തുപേരെയും രണ്ടാം ഘട്ടം അഞ്ചുപ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.അവര്‍ ഇപ്പോഴും റിമാന്റിലാണ്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി സിഐ കെ എ എലിസബത്ത്, എസ്‌ഐ എസ് അനീഷ് എന്നിവര്‍ പറഞ്ഞു. എന്നാല്‍ ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പറഞ്ഞ് കാവശ്ശേരി, ആലിങ്കല്‍ പറമ്പ്, മൂപ്പ്പറമ്പ് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങള്‍ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ സിപിഒ മാരായ രാമസ്വാമി, അരവിന്ദാക്ഷന്‍, സൂരജ് ബാബു, സന്ദീപ്, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it