Flash News

യുപിയില്‍ കാലിക്കടത്ത് ദേശീയ സുരക്ഷാ നിയമ പരിധിയില്‍



ലഖ്‌നോ: കന്നുകാലികളെ കടത്തുന്നതും കശാപ്പ് ചെയ്യുന്നതും ദേശീയ സുരക്ഷാ നിയമത്തിന്റെയും ഗുണ്ടാ നിയമത്തിന്റെയും പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇനിമുതല്‍ കന്നുകാലികളെ കടത്തുന്നതും കശാപ്പ് ചെയ്യുന്നതും ദേശീയ സുരക്ഷാ നിയമത്തിന്റെയും ഗുണ്ടാ വിരുദ്ധ നിയമത്തിന്റെയും പരിധിയില്‍ വരുമെന്നും പുതിയ ഉത്തരവിന്റെ കോപ്പി എല്ലാ ജില്ലാ പോലിസ് മേധാവികള്‍ക്കും കൈമാറിയതായും സംസ്ഥാന പോലിസ് മേധാവി സുല്‍ഖാ സിങ് അറിയിച്ചു. ദേശീയ സുരക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യുന്ന ഒരാളെ സംശയത്തിന്റെ പേരില്‍ ദീര്‍ഘ കാലത്തേക്ക് തടവില്‍ വയ്ക്കാന്‍ പോലിസിനു കഴിയും. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും നിര്‍ബന്ധമില്ല. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലാവുന്ന ആളെ സ്റ്റേഷനില്‍ വിളിച്ചു വരുത്താനും നടപടികളെടുക്കാനും പോലിസിന് അധികാരമുണ്ടായിരിക്കും. സാധാരണ കേസുകളില്‍ ഒരാളുടെ റിമാന്‍ഡ്് കാലാവധി പരമാവധി 14 ദിവസമാണെങ്കില്‍ ഗുണ്ടാ നിയമപ്രകാരം ഇത് 60 ദിവസമാണ്. കന്നുകാലികളെ കടത്തുന്നവര്‍ക്ക് ഈ രണ്ടു നിയമവും ബാധകമാവുന്ന വിധത്തിലാണ് പുതിയ ഉത്തരവ്. മതപരിവര്‍ത്തനത്തിനെതിരേയും കര്‍ശന നടപടികളെടുക്കണമെന്നു നിര്‍ദേശിക്കുന്ന ഉത്തരവില്‍ ഗോസംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് നിയമം നിലവില്‍ വന്നതെന്നും ഈ നിയമം കര്‍ശനമായി നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it