മഹാരാഷ്ട്ര: ആര്‍എസ്എസുമായി ബന്ധമുള്ളയാള്‍ എട്ടുകോടി വഞ്ചിച്ചെന്ന്; പരുത്തി കര്‍ഷകര്‍  കൂട്ട ആത്മഹത്യക്ക്

നാഗ്പൂര്‍: പരുത്തി വാങ്ങിയ ആള്‍ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനു മുമ്പില്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ 400 ലേറെ പരുത്തികൃഷിക്കാര്‍ തീരുമാനിച്ചു. ഇന്നാണ് ആത്മാഹൂതി.
പരുത്തി വാങ്ങിയ സുനില്‍ പ്രഭാകര്‍ തലാതുലെ എന്ന ആള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുള്ളതിനാലാണ് ആര്‍എസ്എസ് ആസ്ഥാനത്തിനു മുമ്പില്‍ ആത്മാഹൂതി ചെയ്യുന്നതെന്നു കര്‍ഷകര്‍ പറഞ്ഞു. സുനില്‍ പ്രഭാകറിന്റെ പിതാവ് ബാലാസാഹബ് തലാതുലെ ആര്‍എസ്എസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്.
2014 നവംബറിനും 2015 മെയ്ക്കുമിടയില്‍ 20,000 ക്വിന്റല്‍ പരുത്തിയാണു കര്‍ഷകര്‍ വാര്‍ധയിലെ കാര്‍ഷികോല്‍പ്പന്ന വിപണി സമിതിക്ക് വിറ്റത്. സമിതി അത് സുനില്‍ പ്രഭാകരന് കൈമാറി. എന്നാല്‍ സുനില്‍ ഇതുവരെ കര്‍ഷകര്‍ക്കു പണം നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ എട്ടുകോടി രൂപ ലഭിക്കാനുണ്ടെന്നു രാം നാരായണ്‍ പഥക് അറിയിച്ചു.
മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുംഗതിവാറിനെയും കപ്പല്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും ഇക്കാര്യം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണ ഗിന്നിങ് ആന്റ് പ്രസിങ് ഫാക്ടറിയുടെ ഉടമയാണ് സുനില്‍ പ്രഭാകര്‍.
കര്‍ഷകര്‍ പോലിസിലും പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് വഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയും എപിഎംസി സെക്രട്ടറി ഐ സൂഫി, എപിഎംസി അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് തല്‍മാതെ, സുനില്‍ പ്രഭാകര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പണം കിട്ടുന്നതിനായി കര്‍ഷകര്‍ ജില്ലാ കലക്ടറെയും സമീപിച്ചു. അറസ്റ്റിലായവരില്‍ നിന്നു പണം തിരിച്ചുപിടിക്കുന്നതിന് വാര്‍ധ ജില്ലാ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ നോട്ടീസയച്ചു.
തട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയെന്നു വാര്‍ധ കലക്ടര്‍ ആശുതോഷ് സലില്‍ അറിയിച്ചു. സുനില്‍ പ്രഭാകറില്‍ നിന്നു തുക ഈടാക്കുന്നതിന് ആര്‍എസ്എസ് നേതൃത്വത്തിന് മാത്രമേ കഴിയൂവെന്ന് പഥക് പറഞ്ഞു.
ഡല്‍ഹിയിലെ ബിജെപി നേതാക്കളെ തങ്ങള്‍ സമീപിച്ചിരുന്നുവെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓഫിസ് ജീവനക്കാര്‍ അതിനനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it