kasaragod local

ഫെയര്‍ സ്റ്റേജ് നിര്‍ണയത്തില്‍ അപാകതതര്‍ക്കം പതിവാകുന്നു

കാസര്‍കോട്: ബസ് ചാര്‍ജ്് വര്‍ധിപ്പിച്ചിട്ടും ഫെയര്‍ സ്റ്റേജുകളുടെ അപാകത പരിഹരിക്കാത്തത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകുന്നു. ഇപ്പോള്‍ രണ്ടര കിലോമീറ്ററിനാണ് ഒരു ഫെയര്‍‌സ്റ്റേജ് നിശ്ചയിച്ചിട്ടുള്ളത്. അത് മിനിമം ചാര്‍ജ് 20 പൈസ ഉള്ളപ്പോഴോ അതിനും മുമ്പോ ഉള്ള ഫെയര്‍ സ്റ്റേജാണ്. ചില സ്റ്റേജിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ടാവുന്നില്ല. പ്രധാനപ്പെട്ട ടൗണോ, സ്റ്റേഷനുകളോ വന്നാല്‍ അവിടെ സ്റ്റേജ് നിശ്ചയിച്ചിട്ടുണ്ട്. ഇത് കൊണ്ട് ചിലപ്പോള്‍ നാല് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴര കിലോമീറ്ററിന്റെ ചാര്‍ജ് നല്‍കേണ്ടി വരുന്നു. ഇത് കാരണം സഞ്ചരിക്കാത്ത ദൂരത്തിന് ചാര്‍ജ് നല്‍കേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്കുള്ളത്.
കെഎസ്ആര്‍ടിസിയാണെങ്കില്‍ ഓര്‍ഡിനറി ബസ്സിന്റെ സ്റ്റേജ് മാത്രമേ ജില്ലയില്‍ നിശ്ചയിക്കുന്നുള്ളൂ. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ളതിന്റെ ഫെയര്‍‌സ്റ്റേജ് സംസ്ഥാന അതിര്‍ത്തികളായ കാളിക്കാവിള മുതല്‍ തലപ്പാടി വരെ എടുത്താണ് നിശ്ചയിച്ചിട്ടുള്ളത്. അതും വലിയ ടൗണുകള്‍ അടിസ്ഥാനമാക്കിയാണ് സ്റ്റേജ് നിശ്ചയിക്കുന്നത്. ഇത് കാരണം ഫാസ്റ്റ്, സൂപ്പര്‍ ഡിലക്‌സ് ബസ്സുകള്‍ റിക്വസ്റ്റ് സ്റ്റോപ്പ് നിശ്ചയിച്ച് 10ഉം 20ഉം കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റോപ്പിന്റെ ചാര്‍ജ് ഈടാക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന് ജില്ലയില്‍ അശാസ്ത്രീയമായാണ് ചാര്‍ജ് ഈടാക്കുന്നത്. കാഞ്ഞങ്ങാട്-നീലേശ്വരം 10 കിലോമീറ്റര്‍ യാത്രയ്ക്ക് 17 രൂപയും കാഞ്ഞങ്ങാട്-പെരിയ 12 കിലോമീറ്റര്‍ യാത്രയ്ക്ക് 16 രൂപയുമാണ് കഴിഞ്ഞ 28 വരെ നല്‍കിയിരുന്നത്. ഇത് ഈ മാസം ഒന്നു മുതല്‍ ഈ രണ്ടിടങ്ങളിലേക്കും മുകളില്‍ പറഞ്ഞ ദൂരങ്ങളിലേക്കുള്ള യാത്രയ്ക്ക് 18 രൂപയാണ് ഈടാക്കുന്നത്.
ബസ് ചാര്‍ജ് വര്‍ധനയില്‍ കിലോമീറ്റര്‍ നിരക്കാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. എന്നാ ല്‍ ഈടാക്കുന്ന ചാര്‍ജും കിലോമീറ്റര്‍ ചാര്‍ജും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാവുന്നില്ലെന്നും പരാതിയുണ്ട്. കാസര്‍കോട് നിന്ന് ചെര്‍ക്കളയിലേക്കുള്ള എട്ട് കിലോമീറ്ററിന് 12 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. ഇതും ഫെയര്‍‌സ്റ്റേജിലെ അപാകതമൂലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കാസര്‍കോട് നിന്നും ഉളിയത്തടുക്കയിലേക്ക് നേരത്തെ ഏഴ് രൂപയായിരുന്നു ഈടാക്കിയിരുന്നു. ഇത് ഇപ്പോള്‍ പത്ത് രൂപയാണ്. ഇതിനെതിരേ തര്‍ക്കം രൂക്ഷമായിട്ടുണ്ട്.
കാസര്‍കോട്-തലപ്പാടി റൂട്ടിലും ഫെയര്‍‌സ്റ്റേജിനെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. ഫെയര്‍‌സ്റ്റേജ് പുനര്‍നിര്‍ണയിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it