ഫഡ്‌നാവിസിന്റെ വിവാദ ശബ്ദരേഖ പുറത്തുവിട്ട് ശിവസേന

മുംബൈ: പാല്‍ഗറിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയതെന്നു സംശയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ശിവസേന. സാധ്യമായ എല്ലാ മാര്‍ഗങ്ങളുപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന ഫഡ്‌നാവിസിന്റേതെന്നു കരുതുന്ന ശബ്ദരേഖ ഉദ്ദവ് താക്കറെയാണ് പല്‍ഗാവിലെ പ്രചാരണത്തിനിടെ പുറത്തുവിട്ടത്. മെയ് 28നാണ് തിരഞ്ഞെടുപ്പ്.
ശിവസേനയുടെ പ്രവൃത്തി ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ശബ്ദരേഖയുടെ മുഴുവന്‍ ഭാഗങ്ങളും ഉടന്‍ തന്നെ പുറത്തുവിടുമെന്നും സേനയുടെ സാങ്കേതികവിദ്യാ ദുരുപയോഗത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു. ആരെങ്കിലും പല്‍ഗാവില്‍ ബിജെപി സാന്നിധ്യത്തെ വെല്ലുവിളിക്കുകയോ പാര്‍ട്ടിയോടുള്ള വിശ്വാസം തകര്‍ക്കാനോ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു ശബ്ദരേഖയില്‍ പറയുന്നുണ്ട്. വിജയിക്കാനുള്ള വഴിയായി ഒത്തുതീര്‍പ്പ്, പണം, ശിക്ഷ, വിഭജനം എന്നിവയാണ് ശബ്ദരേഖയില്‍ മുന്നോട്ട് വയ്ക്കുന്നത്.
ഭയപ്പെടുത്തലുണ്ടായാല്‍ തിരിച്ചു ഭയപ്പെടുത്താനും ബാക്കി കാര്യങ്ങള്‍ താന്‍ നോക്കിക്കോളാമെന്നുമാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും ഉദ്ദവ് താക്കരെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരേ ശക്തമായ നടപടികളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. അതേസമയം  ശിവസേന ശബ്ദരേഖയിലൂടെ തെറ്റിദ്ധാരണ പരത്തിയെന്നും അനുചിതമായ എന്തെങ്കിലും ശബ്ദരേഖയിലുണ്ടെന്നു കണ്ടാല്‍ നിയമനടപടികള്‍ നേരിടാമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it