നവീന വാദികളുമായുള്ള ബന്ധം: സമസ്ത നിലപാടില്‍ മാറ്റമില്ല

ചേളാരി: മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണ വാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ട്രഷറര്‍ സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭൂരിപക്ഷം വരുന്ന സുന്നികള്‍ ബഹുദൈവ വിശ്വാസികളാണെന്നു പ്രചരിപ്പിക്കുകയും സച്ചരിതരായ സ്വഹാബത്തിനെയും മുന്‍ഗാമികളെയും മദ്ഹബിന്റെ ഇമാമുകളെയും തള്ളിപ്പറയുകയുമാണ്. മുസ്‌ലിം സമുദായത്തില്‍ അനൈക്യവും ഛിദ്രതയും ഉണ്ടാക്കി മഹാത്മാക്കളെയും സാദാത്തുക്കളെയും അവമതിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിക്കാന്‍ സമസ്തയുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയില്ല. നിലവിലുള്ള സാഹചര്യത്തില്‍ സലഫി പ്രസ്ഥാനത്തെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ സംബന്ധിപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it