ദിലീപ് : കേസിന്റെ നാള്‍വഴികള്‍



2017 ഫെബ്രുവരി 17: അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവ നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി കേസ്. തുടര്‍ന്നു നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടി നെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നു പള്‍സര്‍ സുനിയുടെ നേതൃത്വത്തിലാണു നടിയെ ആക്രമിച്ചതെന്ന് പോലിസ് കണ്ടെത്തി.

ഫെബ്രുവരി 23: കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), തലശ്ശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയില്‍ നിന്നു നാടകീയമായി പോലിസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 20: കേസില്‍ തന്റെ പേരു പറയാതിരിക്കാന്‍ വിഷ്ണു എന്നയാള്‍ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ചു നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.

ജൂണ്‍ 25: ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ദിലീപിന് കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴിനല്‍കി.

ജൂണ്‍ 28: പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ ചോദ്യംചെയ്തു

ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യംചെയ്ത ശേഷം പോലിസ് അറസ്റ്റ് രേഖപ്പെടുത്തി.

ജൂലൈ 11: അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ കോടതി ആലുവ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്നു വിവിധ ദിവസങ്ങളിലായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നാലുതവണ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളി.

സപ്തംബര്‍ 6: പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് രണ്ടു മണിക്കൂര്‍ ജയിലിനു പുറത്തിറങ്ങാന്‍ അനുമതി നല്‍കി

ഒക്ടോബര്‍ 3: കടുത്ത ഉപാധികളോടെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു.
Next Story

RELATED STORIES

Share it