തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിക്കും രണ്ടിരട്ടി മുകളില്‍

എച്ച് സുധീര്‍

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടി മുകളിലേക്ക് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു. ജനസംഖ്യയുടെയും സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ തൊഴിലില്ലായ്മാ നിരക്ക് കണക്കാക്കുമ്പോള്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 10.5 ആണ്. എന്നാല്‍, 3.90 ആണ് ദേശീയ ശരാശരി നിരക്ക്.
സംസ്ഥാനത്ത് തൊഴില്‍രഹിതരുടെ കണക്കെടുത്താന്‍ സ്ത്രീകളാണ് മുന്നില്‍. ലേബര്‍ വകുപ്പിന്റെ കൈവശമുള്ള കണക്കു പ്രകാരം ആകെയുള്ള 35,17,411 തൊഴില്‍രഹിതരില്‍ 22,21,034 സ്ത്രീകളും 12,96,377 പുരുഷന്‍മാരുമാണ്. തൊഴില്‍രഹിതരായി കഴിയുന്നവരില്‍ 4057 പേര്‍ നിരക്ഷരരാണ്. എസ്എസ്എല്‍സിക്ക് താഴെ വിദ്യാഭ്യാസമുള്ളവര്‍ 3,63,688 പേരാണ്. 20,02,675 പേര്‍ എസ്എസ്എല്‍സി വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 7,81,823 തൊഴില്‍രഹിതര്‍ പ്ലസ്ടു വിദ്യാഭ്യാസവും 2,95,551 ബിരുദവും കരസ്ഥമാക്കിയവരാണ്. ബിരുദാനന്തര ബിരുദം നേടിയ 69,617 പേരും തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്. നിരക്ഷരരായ 4057 പേരെ ഒഴിവാക്കിയാല്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ 35,13,354 പേരാണ്.
തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നതാണ് തൊഴിലില്ലായ്മയുടെ ഒരു പ്രധാന കാരണം. വിദ്യാസമ്പന്നരില്‍ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയവരുടെ അനുപാതം ആ മേഖലകളിലുള്ള തൊഴിലവസരങ്ങളേക്കാള്‍ കൂടുതലായതും തൊഴിലില്ലായ്മയുടെ തോത് ഉയര്‍ത്തിയിട്ടുണ്ട്. നോക്കുകൂലി, കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ വിതരണം ചെയ്യല്‍ തുടങ്ങിയ അനഭിലഷണീയ പ്രവണതകള്‍ വളര്‍ന്നതിന്റെ പ്രധാന കാരണവും തൊഴിലില്ലായ്മ തന്നെയാണ്. ഇതിനു പുറമേ സംസ്ഥാനത്തിന്റെ ഉല്‍പാദന-നിര്‍മാണ മേഖലകളിലെ വളര്‍ച്ചാ തോത് കുറഞ്ഞതിന്റെ ഫലമായും നിരവധി പേര്‍ക്ക് ദിനംപ്രതി തൊഴില്‍ നഷ്ടപ്പെടുകയാണ്.
അതേസമയം, അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ മൃദുനൈപുണി പരിശീലനം നല്‍കി വിവിധ തൊഴിലുകള്‍ക്ക് പ്രാപ്തരാക്കി രൂക്ഷമായ തൊഴിലില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാന്‍ നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നു.
തൊഴിലില്ലായ്മയില്‍ നിന്നു കരകയറാന്‍ എംപ്ലോയബിലിറ്റി സെന്റര്‍, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍, മോഡല്‍ കരിയര്‍ സെന്റര്‍ പദ്ധതി എന്നീ പദ്ധതികളാണ് തൊഴില്‍ വകുപ്പ് പ്രധാനമായും നടത്തിവരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണി കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി സെന്റര്‍. ഗ്രാമീണമേഖലയിലെ തൊഴില്‍രഹിതരെ ഉദ്ദേശിച്ച് 2016-17 മുതല്‍ നടപ്പാക്കിവരുന്ന നൂതന പദ്ധതിയാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍. രാജ്യത്തുടനീളം കരിയര്‍ സേവനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് മോഡല്‍ കരിയര്‍ സെന്റര്‍.
Next Story

RELATED STORIES

Share it