ചാരക്കേസ്: നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ്- മന്ത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതാക്കളും കെപിസിസിയുമാണെന്നു മന്ത്രി ഇ പി ജയരാജന്‍. കേസില്‍ നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്നു കണ്ടെത്തിയ സുപ്രിംകോടതി അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുപ്രിംകോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗൂഢാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും ജയരാജന്‍ വ്യക്തമാക്കി. ചാരക്കേസില്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ അടക്കമുള്ളവര്‍ നടത്തിയ ഖേദപ്രകടനം നാം കണ്ടതാണ്. കരുണാകരനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ഗൂഢാലോചനയാണ് കേസെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. 1210 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 816 കോടി രൂപ വിവിധ ഫണ്ടുകളിലേക്ക് അനുവദിച്ചു.
420 കോടി മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നു നല്‍കി. സപ്തംബര്‍ 12 വരെ 5.27 ലക്ഷം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസമായി 10,000 രൂപ നല്‍കിക്കഴിഞ്ഞു. നിലവിലെ കണക്കനുസരിച്ച് 48411 കുടുംബങ്ങള്‍ക്കു കൂടി ഈ തുക നല്‍കേണ്ടതുണ്ട്. വെള്ളപ്പൊക്കത്തില്‍ മരിച്ച 193 പേരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം സഹായം നല്‍കി. വിദ്യാലയങ്ങളില്‍ നിന്നു 15 കോടിയോളം രൂപ ലഭിച്ചു. ഒരു നിര്‍ബന്ധ പിരിവും സര്‍ക്കാര്‍ നടത്തില്ലെന്നും ഒരു അച്ചടക്കനടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it