Flash News

കേന്ദ്രം വിലക്കിയ ഹ്രസ്വചിത്രങ്ങള്‍ ഇന്ന് കാംപസുകളില്‍ പ്രദര്‍ശിപ്പിക്കും



തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്ന് രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കിയ ഹ്രസ്വചിത്രങ്ങള്‍ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെമ്പാടും നടപ്പാക്കുന്ന സംഘപരിവാര അജണ്ടയുടെ ഭാഗമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഇന്നു സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളിലും നിരോധനങ്ങളുടേതല്ല വൈവിധ്യങ്ങളുടേതാണ് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി  നിരോധിക്കപ്പെട്ട ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അറിയിച്ചു. 10 വര്‍ഷമായി നടത്തപ്പെടുന്ന മേള വിഭിന്ന ആശയഗതിക്കാരായ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമവേദി കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടയാളം കൂടിയായ ചലച്ചിത്രമേളയ്ക്ക് നേരെയാണ് ആര്‍എസ്എസ് കടന്നുകയറ്റം നടത്തുന്നത്. കാത്തു ലൂക്കോസിന്റെ “മാര്‍ച്ച്- മാര്‍ച്ച്- മാര്‍ച്ച്, രോഹിത് വെമുലയുടെ രക്തസാക്ഷിത്വം അടയാളപ്പെടുത്തിയ ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ കാംപസിന്റെ പ്രമേയമാണ് പി എന്‍ രാമചന്ദ്രന്റെ ദി അണ്‍ബെയ്‌റബില്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്.  ഇത്തരത്തില്‍ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ആര്‍ജവത്തോടുകൂടി സമരത്തിന് നേതൃത്വം നല്‍കിയ കലാലയങ്ങളുടെ സമരങ്ങളെ ചരിത്രത്തില്‍ നിന്ന് പുറത്താക്കാനുള്ള ലക്ഷ്യം കൂടിയാണ് നിരോധനങ്ങള്‍ക്ക് പിന്നിലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it