കമിതാക്കള്‍ പോലിസ് സ്‌റ്റേഷനില്‍ അഭയം തേടി

കേളകം: വീട്ടുകാരുടെ ഭീഷണി ഭയന്ന്  പോലിസ് സ്‌റ്റേഷനില്‍ കമിതാക്കള്‍ അഭയം പ്രാപിച്ചു. പിന്നീട് കോടതിയില്‍ നിന്ന് യുവതി കാമുകനൊപ്പം പോയി. വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി ഇന്നലെ പുലര്‍ച്ചെ കൊച്ചി തൃക്കാക്കര പോലിസ് സ്റ്റേഷനില്‍ എത്തിയ കമിതാക്കളെ കേളകം പോലിസിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിനി സജിന (23), കോട്ടയം എരുമേലി സ്വദേശി അനസ് യൂസഫ് (24) എന്നിവരാണു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നും ജീവനു ഭീഷണിയുണ്ടന്നും പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍. കഴിഞ്ഞ 26നു ശനിയാഴ്ച ഉച്ചയ്ക്കു മകളെ തട്ടിക്കൊണ്ടു പോയി എന്നു സിസി ടിവി ദൃശ്യങ്ങള്‍ സഹിതം കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു കേളകം പോലിസ് അനേ്വഷണമാരംഭിച്ചിരുന്നു. പെണ്‍കുട്ടി കാമുകന്റെ സ്വദേശമായ എരുമേലിയില്‍ ഉണ്ടെന്നറിഞ്ഞ് അവിടെ എത്തിയ പോലിസ് വാഹനം കസ്റ്റഡിയിലെടുത്ത് കുട്ടിയെ സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് കമിതാക്കള്‍ തൃക്കാക്കര സ്റ്റേഷനിലെത്തി ജീവന് ഭീഷണി ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലിസ് പെണ്‍കുട്ടിയെ കൂട്ടി കേളകം സ്‌റ്റേഷനിലെത്തിക്കുകയും, മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി പെണ്‍കുട്ടിയെ കാമുകനൊപ്പം വിട്ടയച്ചു. മാതാപിതാക്കള്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഭീഷണിയുണ്ടെന്നു തെറ്റിദ്ധാരണ മൂലമാണ് മാധ്യമങ്ങളുടെ മുമ്പില്‍ പറഞ്ഞതെന്നും പിന്നീട് പെണ്‍കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it